Home ആരോഗ്യം എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ എഴുതുന്നത്?

എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ എഴുതുന്നത്?

ലോപ്പതി ഡോക്ടര്‍മാരുടെ കുറിപ്പടി ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. മിക്കവാറും എഴുത്ത് തൊട്ടടുത്തുള്ള ചില മരുന്ന് കടക്കാർക്ക് മാത്രമേ വായിച്ചെടുക്കാനാവൂ!!! ഇംഗ്ലീഷിലെങ്കിലും കോഡ് രീതിയിലുള്ള ഈ കുറിപ്പടിക്ക് മുമ്പില്‍ ആംഗലേയ ഭാഷയില്‍ എത്ര പരിജ്ഞാനമുള്ളവനും മുട്ടുമടക്കും. കേസുകളുടെ ഭാഗമായി ഹാജരാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വായിച്ചെടുക്കാന്‍ സാധിക്കാത്ത അനുഭവം കോടതികള്‍ക്കും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും അനുശാസിക്കേണ്ട സദാചാര സംഹിതകളില്‍ മരുന്നു കുറിപ്പടികള്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി എഴുതണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതേസമയം ഏത് സാധാരണക്കാരനും വായിക്കാവുന്ന വിധം വൃത്തിയായി കുറിപ്പടി എഴുതുന്ന ഡോക്ടർമാരുമുണ്ട്.
വൃത്തിയായി എഴുതാന്‍ അറിയാമായിരുന്നിട്ടും വായിച്ചാല്‍ മനസ്സിലാകാത്ത തരത്തില്‍ കുറിപ്പടിയെഴുതുന്നതിന് പിന്നിലെ താത്പര്യമെന്താണ്? ഏതായാലും രോഗികളെയും മരുന്നുകടക്കാരെയും ഇത് കടുത്ത പ്രയാസത്തിലാക്കാറുണ്ട്. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഫാര്‍മസിസ്റ്റുകളുടെ സംഘടനയും മനുഷ്യാവകാശ സംഘടനയുമെല്ലാം ഡോക്ടര്‍മാരുടെ മോശം കൈപ്പടക്കെതിരെ രംഗത്തു വന്നെങ്കിലും ഈ ശീലം മാറ്റാനും എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ കുറിപ്പടി എഴുതാനും ഡോക്ടര്‍മാര്‍ പൊതുവേ സന്നദ്ധമല്ല. അലഹാബാദ് ഹൈക്കോടതി കൈയക്ഷരം മോശമായതിന് മൂന്ന് ഡോക്ടര്‍മാര്‍ക്ക് പിഴ ശിക്ഷയും താക്കീതും നല്‍കിയ സംഭവമുണ്ട്. ഉന്നാവോയിലെ ഡോ. ടി പി ജയ്‌സ്വാള്‍, സിതാപൂരിലെ ഡോ. പി കെ ഗോയല്‍, ഗോണ്ടയിലെ ഡോ. ആഷിഷ് സക്‌സേന എന്നിവര്‍ക്കാണ് വിവിധ കേസുകളിലായി ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സഞ്ജയ് ഹര്‍കൗലിയും അടങ്ങിയ ബഞ്ച് 5000 രൂപ പിഴ വിധിക്കുകയും മേലില്‍ മോശം കൈയക്ഷരത്തില്‍ കുറിപ്പെഴുതരുതെന്ന് താക്കീത് നല്‍കുകയും ചെയ്തത്.
ക്രിമിനല്‍ കേസുകളുടെ തുടര്‍ നടപടിക്ക് വളരെ പ്രധാനമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളെന്നതിനാല്‍ ഉത്തരവാദിത്വത്തോടും വായിക്കാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായിട്ടുമായിരിക്കണം ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ലളിതവും വായിക്കാന്‍ പറ്റുന്നതുമായിരിക്കണം മെഡിക്കല്‍ റിപ്പോര്‍ട്ടുകളെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ആരോഗ്യ ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കുകയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് നല്‍കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രോഗിക്ക് മനസ്സിലാകാത്ത രീതിയില്‍ അവ്യക്തമായി മരുന്നു കുറിപ്പടി എഴുതരുതെന്നും ഇംഗ്ലീഷ് വലിയക്ഷരത്തില്‍ മാത്രമേ മരുന്നു കുറിപ്പടികള്‍ എഴുതാവൂവെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കിയിരുന്നു. കൈയക്ഷരം മനസ്സിലാകാതെ മരുന്ന് മാറി നല്‍കുന്ന പ്രശ്‌നമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കു തന്നെയായിരിക്കുമെന്നും ഈ വിജ്ഞാപനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നിയമനടപടിയെടുക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. 2015ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്നു കുറിപ്പടികള്‍ നല്‍കുന്നതിനെതിരെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും വിശദീകരണം നല്‍കാനാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അതീവ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതാണ് മരുന്നെഴുത്ത്. ഒരക്ഷരം മാറുകയോ മറ്റേതെങ്കിലും അക്ഷരമായി വായിക്കാന്‍ ഇടവരികയോ ചെയ്താല്‍ കടക്കാരന്‍ നല്‍കുന്ന മരുന്ന് മാറുകയും അതു ചിലപ്പോള്‍ രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.
♦അടിക്കുറിപ്പ്: മരുന്ന് വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുന്നതിനായി ഒരു ഡോക്ടർ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇനി വായിക്കാം.

👉🏻ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
👉🏻ഫാർമസിസ്റ്റ്‌ മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം.
👉🏻സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു.
👉🏻തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക.
👉🏻നിർദ്ദേശിക്കപ്പെട്ട അളവിലും , ഇടവേളകളിലും മരുന്നുകൾ കഴിയ്ക്കുക. എത്ര ദിവസങ്ങളിലേക്കാണോ മരുന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത്രയും ദിവസങ്ങൾ മരുന്ന് കഴിക്കുന്നതിൽ ശുഷ്കാന്തി കാണിക്കുക.
👉🏻ഒരു തവണ ഒരു ഡോക്ടറെ കണ്ട് മരുന്നു ചീട്ട് വാങ്ങിയാൽ ,അടുത്ത തവണ സമാനമായ അസുഖത്തിന് അതേ കുറിപ്പടിയിലെ മരുന്നു വാങ്ങി ഉപയോഗിക്കാതിരിക്കുക. സമാന ലക്ഷണങ്ങളോടെ പല വിധ അസുഖങ്ങൾ പ്രത്യക്ഷപ്പെടാം.
👉🏻മരുന്നു കടകളിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങുന്നത് ഒഴിവാക്കുക. ഒരു മരുന്നുകടയിൽ ഫാർമസി കോഴ്സ് പാസായ, നിർദ്ദിഷ്ട യോഗ്യതയുള്ള എത്ര പേർ മരുന്നെടുത്തു കൊടുക്കാൻ നിൽക്കുന്നുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ?