Home കൗതുകം മോദി എന്തിന് കാട് കയറി?

മോദി എന്തിന് കാട് കയറി?

പ്രശസ്ത ടിവി പരിപാടി മാൻ വേഴ്സസ് വൈൽഡിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാൻ വേഴ്സസ് വൈൽഡ് അവതാരകൻ ബിയർ ഗ്രിൽസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബിയർ ഗ്രിൽസിനൊപ്പം ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയെ ട്രെയിലറിൽ കാണാം.
മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കാടുകളിലേക്ക് നടത്തുന്ന യാത്രയിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകുമെന്നാണ് ബിയർ ട്വീറ്റ് ചെയ്തത്. വീഡിയോയുടെ ഒരു ഭാഗത്ത് മോദിക്ക് ഗ്രിൽസ് ജാക്കറ്റ് നൽകുന്നതും കാണാം.


ഓഗസ്റ്റ് 12ന് രാത്രി ഒമ്പതുമണിക്ക് മോദി പങ്കെടുക്കുന്ന എപ്പിസോഡ് ഡിസ്കവറി ചാനലിലാണ് സംപ്രേഷണം ചെയ്യുക. പരിപാടിയുടെ ട്രെയിലറും ബിയർ ട്വിറ്ററിൽ പങ്കുവെച്ചു. ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാൽപ്പത്തഞ്ചു സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ കാണാം. അതിജീവനം പ്രമേയമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും ജനകീയ ടിവി ഷോയാണ് മാൻ വേഴ്സസ് വൈൽഡ്.

“കാടുകളിലും മലനിരകളിലും അനേകം കാലം ജീവിച്ചതാണ് എന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. രാഷ്ട്രീയത്തിന് പുറത്തുള്ള ജീവിതവും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ഇത്തരം പരിപാടികള്‍ ഞാന്‍ ഏറെ ആസ്വദിക്കുകയും അവയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ പരിപാടിയിലൂടെ സാധിക്കും. ഒരിക്കല്‍ കൂടി വനത്തില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്”. മോദി പറഞ്ഞു.