Home വാണിജ്യം പുതിയ നെക്‌സോണ്‍ വരുന്നു; ഒറ്റ തവണ ചാര്‍ജിങ്ങില്‍ 400 കിലോമീറ്റര്‍

പുതിയ നെക്‌സോണ്‍ വരുന്നു; ഒറ്റ തവണ ചാര്‍ജിങ്ങില്‍ 400 കിലോമീറ്റര്‍

ഒരു തവണ ചാര്‍ജു ചെയ്താല്‍ തന്നെ 400 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഏപ്രിലില്‍ വിപണിയിലെത്തും. വലിയ ബാറ്ററിയും ചെറിയ സാങ്കേതിക മാറ്റങ്ങളുമായിട്ടാണ് ലോങ് റേഞ്ച് നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുക. നിലവിലെ ബാറ്ററിയെക്കാള്‍ 30 ശതമാനം വരെ വലിയ ഏകദേശം 40 കിലോവാട്ട് ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്‌സോണില്‍ ഉപയോഗിക്കുക.

പരീക്ഷണയോട്ടം നടത്തുന്ന ലോങ് റേഞ്ച് നെക്‌സോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിച്ചു എന്നാണ് ടാറ്റയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. നിലവില്‍ 3.3 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിക്കുന്ന കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂര്‍ വേണം.

വലിയ ബാറ്ററി എത്തുമ്പോള്‍ ചാര്‍ജിങ് സമയം കൂടാതിരിക്കാന്‍ 6.6 കിലോവാട്ട് എസി ചാര്‍ജറും എത്തും. കാറിന്റെ അടിത്തട്ടിലെ പരിഷ്‌കാരത്തിനൊപ്പം സംഭരണ സ്ഥലത്തിലും വിട്ടുവീഴ്ച ചെയ്താവും നിര്‍മാതാക്കള്‍ ബാറ്ററി ശേഷി ഉയര്‍ത്തുകയെന്നാണു സൂചന. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും.

എതിരാളികളുമായി താരതമ്യം ചെയ്താല്‍ വാഹനത്തിന്റെ റേഞ്ച് കുറവാണെങ്കിലും വില കുറവാണ് എന്നതാണു നെക്‌സോണ്‍ ഇവിയുടെ സ്വീകാര്യത ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയോടൊപ്പം തന്നെ സഞ്ചാര പരിധി കൂടിയ നെക്‌സോണും വില്‍പനയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇതിനു പുറമെ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ഡ്രൈവര്‍ക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാന്‍ കഴിയുംവിധം റീ ജനറേഷന്‍ മോഡുകള്‍ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചേക്കും. ഇതു വഴിയും കാറിന്റെ റേഞ്ച് നീട്ടാനാവുമെന്ന നേട്ടമുണ്ട്. നിലവില്‍ നെക്‌സോണില്‍ റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാന്‍ അവസരമില്ല.

സാങ്കേതിക വിഭാഗത്തിലെ മാറ്റങ്ങള്‍ക്കപ്പുറം പുത്തന്‍ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും(ഇ എസ് പി) കാഴ്ചയിലെ പരിഷ്‌കാരങ്ങളും സഹിതമാവും നെക്‌സോണ്‍ നവീകരിച്ച പതിപ്പ് എത്തുക. ബാറ്ററി പായ്ക്കിനു ശേഷിയേറുന്നതോടെ നെക്‌സോണ്‍ ഇ വിയുടെ വില 3 മുതല്‍ 4 ലക്ഷം രൂപ വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. വില 17 -18 ലക്ഷം രൂപ നിലവാരത്തിലെത്തിയാലും ഉയര്‍ന്ന റേഞ്ചിന്റെ പിന്‍ബലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പരിഷ്‌കരിച്ച നെക്‌സോണിനു സാധിക്കുമെന്നാണു വിലയിരുത്തല്‍.