Home അറിവ് 2008ന് ശേഷം വാങ്ങിയ വയലുകള്‍ വീട് വയ്ക്കാന്‍ നികത്താനാവില്ല; ഹൈക്കോടതി

2008ന് ശേഷം വാങ്ങിയ വയലുകള്‍ വീട് വയ്ക്കാന്‍ നികത്താനാവില്ല; ഹൈക്കോടതി

2008നു ശേഷം വാങ്ങിയ നെല്‍വയലുകള്‍ ഭവന നിര്‍മാണത്തിനായി പരിവര്‍ത്തനം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നത് 2008ലാണ്. ഇതിന് ശേഷം നിലം വാങ്ങിയവര്‍ക്കാണ് അനുമതി നിഷേധിക്കുക.

സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തേ ഇതുസംബന്ധിച്ച് വിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുള്‍ബെഞ്ച് വ്യക്തതവരുത്തിയത്. നെല്‍വയലിന്റെ ചെറിയഭാഗം വാങ്ങിയവര്‍ക്ക് വീട് നിര്‍മിക്കാനായി ഇത് നികത്താനുള്ള അനുമതി നല്‍കാമെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നിയമപരമായി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാടങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

2008ന് മുന്‍പ് വയലിന്റെ ഉടമയാണെങ്കില്‍ മറ്റു ഭൂമി ഇല്ലെങ്കില്‍ വീട് നിര്‍മിക്കാന്‍ വയല്‍ നികത്താന്‍ അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയില്‍ 4.4 ആറും (ഒരു ആര്‍= 2.47 സെന്റ്) മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ 2.02 ആറുമാണ് ഇത്തരത്തില്‍ നികത്താന്‍ അനുവദിക്കുക.

അതേസമയം ഉടമസ്ഥരെ 2008നു മുന്‍പുള്ളവരെന്നും 2008നു ശേഷമുള്ളവരെന്നും വേര്‍തിരിക്കുന്നത് വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിക്കാരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും 2008ലെ നിയമം നിലവില്‍ വന്നശേഷം വയല്‍ വാങ്ങിയവരായിരുന്നു. പൈതൃക സ്വത്ത് ഇഷ്ടദാനം കിട്ടിയ ഒരു ഹര്‍ജിക്കാരിയുടെ അപേക്ഷ നിയമപരമായി പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു.