Home അറിവ് കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രം

കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രം

എല്ലാ യാത്രാ കാറുകളിലും ആറ്‌ എയര്‍ബാഗുകള്‍ വേണമെന്ന സുരക്ഷാ നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം മുന്നോട്ട്‌.

യാത്രക്കാരുടെ സുരക്ഷിതത്വമാണു പരമ പ്രധാനം. ആറ്‌ എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്‌ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു.നിലവില്‍ മുന്‍സീറ്റ്‌ യാത്രക്കാര്‍ക്കു മാത്രമാണ്‌ എയര്‍ബാഗ്‌ നിര്‍ബന്ധിതം. പുതിയ നിര്‍ദേശമനുസരിച്ച്‌ യാത്രക്കാര്‍ക്കു മുന്നിലായി നാലും രണ്ടു വശങ്ങളിലും എയര്‍ ബാഗുകളുണ്ടാകണം. വരുന്ന ഒക്‌ടോബര്‍ ഒന്നു മുതല്‍ മുഴുവന്‍ പുതിയ കാറുകളിലും ഇതു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട്‌ മാനദണ്ഡങ്ങള്‍ ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. ഫെബ്രുവരിയില്‍ത്തന്നെ ചട്ടങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കാര്‍ നിര്‍മാതാക്കളുടെ അഭിപ്രായങ്ങള്‍ വിലയിരുത്തുന്ന പ്രക്രിയ നടക്കുകയാണ്‌.

ചെറുകാറുകളുടെ നിര്‍മാണച്ചെലവ്‌ കൂടുമെന്നും കൂടുതലാളുകള്‍ക്കു നാലുചക്ര വാഹനങ്ങള്‍ അപ്രാപ്യമാകുമെന്നും കാര്‍ നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നു ഗതാഗതമന്ത്രാലയം പറയുന്നു.

2020-ല്‍ ഏകദേശം 39,000 പേരാണു രാജ്യത്തു വാഹനാപകടത്തില്‍ മരിച്ചത്‌. ആറ്‌ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതില്‍ മൂന്നിലൊന്നു പേര്‍ രക്ഷപ്പെടുമായിരുന്നു എന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.