മരുന്നു വ്യവസായത്തിലെ നിയമലംഘനം തടയാന്‍ ശിക്ഷാര്‍ഹമായ വ്യവസ്ഥകളോടെ നിയമം വേണമെന്ന ആവശ്യം ശക്തം.ഈ ആവശ്യമുന്നയിച്ച് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്‍റേറ്റിവ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്.എം.ആര്‍.എ.ഐ) അടക്കമുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു.
മരുന്നു കമ്പനികള്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷനലുകള്‍ വഴി നടത്തുന്ന അനാശാസ്യ വിപണന രീതികള്‍ മരുന്നുകളുടെ അമിത കുറിപ്പടിക്കും വില വര്‍ധനക്കും കാരണമാകുന്നുവെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും കനത്ത ഭീഷണിയാണെന്നും എഫ്.എം.ആര്‍.എ.ഐ ചൂണ്ടിക്കാട്ടുന്നു.
മരുന്നു കമ്പനികള്‍ വ്യാപാരം വര്‍ധിപ്പിക്കാനും അമിതവും യുക്തിരഹിതവുമായ മരുന്നുകള്‍ നിര്‍ദേശിക്കാനും ഉയര്‍ന്ന വിലയുള്ള ബ്രാന്‍ഡുകള്‍ക്കും വേണ്ടി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നതായി ഹരജിയില്‍ ആരോപിക്കുന്നു.മരുന്നു കമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നത് തടയാന്‍ 2011 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ യൂനിഫോം കോഡ് ഫോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് പ്രാക്ടീസസ് (യു.സി.പി.എം.പി) കൊണ്ടുവന്നെങ്കിലും അത് ശിക്ഷാര്‍ഹമായ വ്യവസ്ഥകള്‍ ഇല്ലാത്ത വോളന്‍ററി കോഡ് ആയതിനാല്‍ ആരുമത് ഗൗനിച്ചില്ലെന്ന് എഫ്.എം.ആര്‍.എ.ഐ ചൂണ്ടിക്കാട്ടുന്നു.
അനാശാസ്യ വിപണന രീതികള്‍ക്ക് കുറവ് ഉണ്ടാകുന്നില്ലെങ്കില്‍ ശിക്ഷാര്‍ഹമായ വ്യവസ്ഥകളോടെ യൂനിഫോം കോഡ് നിര്‍ബന്ധമാക്കുമെന്ന് അന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുറിപ്പടി എഴുതാന്‍ കമ്ബനികള്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്ന പ്രവണതയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. കോവിഡ്കാലത്ത് ഇത് കൂടുകയാണ് ചെയ്തത്. മരുന്നുവിലയുടെ ഏകദേശം 20 ശതമാനം സെയില്‍സ് പ്രൊമോഷനാണ്.വില്‍പന വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് നേരിട്ടോ അല്ലാതെയോ നല്‍കുന്ന ആനുകൂല്യങ്ങളും ഇതിലുള്‍പ്പെടുന്നു.
10-20 ശതമാനം ഡോക്ടര്‍മാര്‍ മാത്രമേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)യുടെ ധാര്‍മിക കോഡ് പിന്തുടരുന്നുള്ളൂ. വലിയൊരു വിഭാഗവും കമ്പനിയുടെ ഉല്‍പന്നങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രോത്സാഹനങ്ങള്‍ സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നു.അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്ക് കമ്പനികള്‍ ഡോക്ടര്‍മാരെ സ്പോണ്‍സര്‍ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തരം കോണ്‍ഫറന്‍സുകള്‍ വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ഒരു മറ മാത്രമാണെന്ന് എഫ്.എം.ആര്‍.എ.ഐ പറയുന്നു.
ഫാര്‍മ കമ്പനികള്‍ ലക്ഷ്യമിടുന്ന ബിസിനസിലേക്ക് എത്താന്‍ തവണ വ്യവസ്ഥയില്‍ കാര്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍വരെ ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്നതായും ഇത്തരം അനാശാസ്യ വിപണന രീതികള്‍ തടയാന്‍ ശിക്ഷാര്‍ഹമായ വ്യവസ്ഥകളോടെ പുതിയ നിയമം ആവശ്യമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.