.നവജാത ശിശുക്കൾക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവർക്കും ആരോഗ്യ തിരിച്ചറിയൽകാർഡ് നൽകാൻ കേന്ദ്രം പദ്ധതിയിടുന്നു.ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയാണ് കാർഡുകൾ നൽകുക.
ഇതിലെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് അച്ഛനമ്മമാർക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകൾ നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്. ഇതുവഴി കുട്ടിക്ക് ജനനംമുതൽ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങിയവ അപ്ലോഡ് ചെയ്യാൻ കഴിയും.
ആധാർ നമ്പറില്ലാത്തവർക്കും പേരിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്കും ആരോഗ്യ തിരിച്ചറിയൽകാർഡിനും കേന്ദ്രത്തിന്റെ ആരോഗ്യപദ്ധതികൾക്കും അർഹതയുണ്ട്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് ലഭിക്കാൻ 30 ദിവസംവരെ എടുത്തേക്കാം.
എന്നാൽ പദ്ധതി നടപ്പാവുന്നതോടെ ഈ കാലയളവിനിടയിൽ അച്ഛനമ്മമാർക്ക് നേരിട്ട് അവരുടെ എ.ബി.എച്ച്.എ. അക്കൗണ്ട് നമ്പർ ഉപയോഗിച്ച് കുഞ്ഞുങ്ങൾക്കായി ആരോഗ്യ തിരിച്ചറിയൽകാർഡ് ഉണ്ടാക്കാൻ കഴിയും. പിന്നീട്, കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, ബാൽ ആധാർ തുടങ്ങിയ തിരിച്ചറിയൽരേഖകൾ ലഭ്യമാകുന്നമുറയ്ക്ക് ഇവ കുട്ടിയുടെ ആരോഗ്യ അക്കൗണ്ടിൽ അപ്ലോഡ് ചെയ്യാം.ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എ.ബി.ഡി.എം.) വെബ്സൈറ്റ്, എ.ബി.ഡി.എമ്മുമായിച്ചേർന്ന് പ്രവർത്തിക്കുന്ന ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യസേതു ആപ്പ്, പേടിഎം, സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ എന്നിവിടങ്ങളിൽനിന്ന് മാതാപിതാക്കൾക്ക് കുട്ടിയുടെ എ.ബി.എച്ച്.എ. ഉണ്ടാക്കാം. പിന്നീട് ചികിത്സ ആവശ്യമായിവരുന്ന ഘട്ടത്തിൽ കുട്ടിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയ മുൻകാല ആരോഗ്യചരിത്രം പരിശോധിക്കാനും കൃത്യമായ ചികിത്സ നൽകാനും ഡോക്ടർമാർക്ക് സാധിക്കും.
കുട്ടിയുടെ എ.ബി.എച്ച്.എ. അച്ഛനമ്മമാരുടെ ആരോഗ്യ തിരിച്ചറിയൽകാർഡിലെ നമ്പറുമായി ലിങ്ക് ചെയ്താൽ, കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ രക്ഷിതാക്കൾക്ക് മാത്രമേ അക്കൗണ്ട് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.