Home അറിവ് കിസാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ 3 ലക്ഷം വരെ.. ആരൊക്ക അർഹർ അറിയാം

കിസാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ 3 ലക്ഷം വരെ.. ആരൊക്ക അർഹർ അറിയാം

കൃഷി ആവശ്യങ്ങള്‍ക്കായി പല കര്‍ഷകരും വായ്പ എടുക്കാറുണ്ട്. സ്വര്‍ണപ്പണയമായോ, കരമടച്ച രസീത് വച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നല്‍കിയോ ഒക്കെ ബാങ്കുകളില്‍ വായ്പ എടുക്കാറുണ്ട്

ഇത് കിസാൻ ക്രെഡിറ്റ്‌ കാര്‍ഡ് വായ്പ പദ്ധതി അനുസരിച്ചാണോ വായ്പ എടുക്കുന്നത്? എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പദ്ധതിയെന്നും അതിന്റെ ആനുകൂല്യങ്ങള്‍ എന്നും അറിയാം.

നബാര്‍ഡ് വഴി തയ്യാറാക്കി, ഇന്ത്യയിലെ പൊതുമേഖലാ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ വഴി 1998ല്‍ അവതരിപ്പിക്കപ്പെട്ട കാര്‍ഷിക വായ്പയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഈ വായ്പ കൃഷിഭവനില്‍ ലഭ്യമല്ല. ബാങ്കുകള്‍ വഴി മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ്. കര്‍ഷകന്റെ എല്ലാത്തരം കാര്‍ഷിക ആവശ്യങ്ങള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷാ ഫോമുകള്‍ ബാങ്കിലും കൃഷിഭവനിലും കൃഷി വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നും ലഭ്യമാണ്. എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയോ ക്രെഡിറ്റ് കാര്‍ഡോ കൃഷി ഭവന്‍ വഴി ലഭ്യമല്ല. സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരാള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും റജിസ്റ്റര്‍ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം.ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉല്‍പാദന വായ്‌പത്തോതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണം, ഏതു വിളയാണ് കൃഷി ചെയ്യുന്നത്, ആ കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ പരിപാലനം, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ചാണ് വായ്പാ തുക നിശ്ചയിക്കുന്നത്.

കുറഞ്ഞ പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് പ്രത്യേക ഈട് നല്‍കേണ്ടതില്ല. കൃഷി സ്ഥലത്തുള്ള വിളതന്നെ ഈടായി പരിഗണിക്കും.

1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നല്‍കേണ്ടതുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ എടുക്കുന്ന കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നതു വരെയുള്ള സമയത്തെ കര്‍ഷകന്റെ ആവശ്യങ്ങള്‍ക്കുള്ള തുക വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ പ്രത്യേകതയാണ്.

വായ്പ വഴി ലഭ്യമാകുന്ന തുക പലിശ സഹിതം ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നായോ ഗഡുക്കളായോ അടയ്ക്കണം. ഹ്രസ്വകാല വിളകള്‍ക്ക് 12 മാസത്തിനുള്ളിലും ദീര്‍ഘകാല വിളകള്‍ക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.