Home അറിവ് വെസ്റ്റ് നൈല്‍ പനി അറിയേണ്ടതെല്ലാം

വെസ്റ്റ് നൈല്‍ പനി അറിയേണ്ടതെല്ലാം

ഫ്ലാവി വൈറസ് വിഭാഗത്തില്‍പ്പെടുന്ന വെസ്റ്റ് നൈല്‍ വൈറസുകളാണ് വെസ്റ്റ് നൈല്‍ പനിയുടെ രോ​ഗകാരി. ക്യൂലക്‌സ് പിപ്പിയന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടര്‍ത്തുന്നത്.

1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് വെസ്റ്റ് നൈല്‍ രോ​ഗബാധ ആദ്യമായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കും പടര്‍ന്നു. ഉ​ഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

വെസ്റ്റ് നൈല്‍ വൈറസ് പടരുന്നതെങ്ങനെ?

രോ​ഗബാധിതരായ പക്ഷികളില്‍ നിന്ന് കൊതുകുകളിലേക്കും കൊതുകുകളില്‍ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരും. ജീവനുള്ള പക്ഷികളില്‍ നിന്നാണോ ചത്തവയില്‍ നിന്നാണോ വൈറസ് പകരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വളരെ അപൂര്‍വമായി മാത്രമേ ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറുള്ളൂ.

വെസ്റ്റ് നൈല്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍

പനി, തലവേദന, ക്ഷീണം, ശരീരവേദന, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോ​ഗം ​ഗുരുതരമായാല്‍ കടുത്ത തലവേദന, അതിശക്തമായ പനി, ബോധക്ഷയം, പക്ഷാഘാതം എന്നിവയുണ്ടാകും. മരണം സംഭവിക്കാന്‍ സാധ്യതയുള്ളതാണ് ഈ രോഗാവസ്ഥയെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വ്യക്തമാക്കുന്നത്. വൈറസ് ബാധിച്ച 150 പേരില്‍ ഒരാള്‍ക്ക് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയുണ്ടാകും. ഏത് പ്രായത്തിലുള്ളവരെയും രോ​ഗം ബാധിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍, 50 വയസിന് മുകളിലുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോ​ധ മാര്‍​ഗങ്ങള്‍

കൊതുവലയ്ക്കുള്ളില്‍ മാത്രം ഉറങ്ങാന്‍ ശ്രദ്ധിക്കുകപരിസരം വൃത്തിയായി സൂക്ഷിക്കുക

കൊതുക് വളരുന്നതിന് സഹായകമാകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക

ശരീരം മുഴുവന്‍ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക

രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടുക