ജോലിഭാരത്തിനൊപ്പം അടുക്കളഭാരം ക്ലേശകരമാകുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഇനി വീട്ടുമുറ്റത്ത് എത്തും. പൊന്നാനിയിലും ബാലുശ്ശേരിയിലും ആരംഭിച്ച് വിജയം കണ്ട ‘പൊതുഅടുക്കള’ പദ്ധതി കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി കുന്നംകുളം നഗരസഭ..
ഒരു അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്ത് നഗരസഭയില്‍ പൊതുരുചി വിളമ്പുകയാണ് പൊതു അടുക്കളയിലൂടെ.പ്രഭാതഭക്ഷണം ഉള്‍പ്പെടെ മൂന്ന് നേരത്തെ ഭക്ഷണമാണ് അടുക്കളയിലൂടെ ലഭ്യമാക്കുന്നത്. തൊഴിലിന് പോകുന്ന ദമ്പതിമാര്‍ക്കും, ഒറ്റക്ക് താമസിക്കുന്നവർക്കും,പ്രായാധിക്യവും ശാരീരിക അവശത കൊണ്ടും അടുക്കള ജോലിയെടുക്കാന്‍ കഴിയാത്തവര്‍ക്കുമാണ് പദ്ധതി കൂടുതല്‍ പ്രയോജനകരമാകുന്നത്.മുപ്പതോളം വീട്ടുകാരാണ് പൊതുഅടുക്കളയില്‍ പങ്കാളികളാകുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണത്തോടൊപ്പം ഉച്ചയ്ക്കും രാത്രിയ്ക്കും ആവശ്യമായ കറികള്‍ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കും. മൂന്ന് നേരത്തെ ഭക്ഷണത്തിന് ആകെ ചെലവാകുന്നത് ഒരാള്‍ക്ക് 80 രൂപയാണ്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് അടുക്കളയില്‍ തയ്യാറാക്കുന്നത്. ഇഡലി, ദോശ, വെള്ളേപ്പം തുടങ്ങി തനി നാടന്‍ പലഹാരങ്ങള്‍ മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം മീന്‍കറിയും ഞായറാഴ്ച കോഴിക്കറിയുമായി സ്വാദിഷ്ടമായ ഭക്ഷണമാണ് പൊതുഅടുക്കളയില്‍ ഒരുക്കുന്നത്.
തുച്ഛമായ വിലയോടൊപ്പം ഗുണമേന്‍മയില്‍ വിട്ടുവീഴ്ച വരുത്തുന്നില്ലെന്നതും പൊതുഅടുക്കള വിഭവങ്ങള്‍ക്ക് ആവശ്യക്കാരെ കൂട്ടുന്നു.കീഴൂര്‍, ആര്‍ത്താറ്റ്, ചാട്ടുകുളം എന്നിവിടങ്ങളിലാണ് നിലവില്‍ പൊതുഅടുക്കള പ്രവര്‍ത്തിക്കുന്നത്. ആവശ്യകതയ്ക്ക് അനുസരിച്ച് പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ.
ജില്ലയില്‍ ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.കുന്നംകുളം കോട്ടയില്‍ റോഡിലുള്ള പളളിക്കര ശ്രീജ മോഹനന്റെ അടുക്കളയിലാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ പൊതുഅടുക്കള ഒരുങ്ങിയത്. പിന്നീട് ചാട്ടുകുളം മുളക്കല്‍ സൗമ്യ സുജിത്തും ഈ പദ്ധതി ആരംഭിച്ചു.
പൊതുഅടുക്കള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആശ്വാസകരമായ പദ്ധതിയാണിത് . മറ്റ് കുടുംബങ്ങള്‍ക്ക് ഒരു ജീവിത മാര്‍ഗം കൂടി ഇതിലൂടെ കണ്ടെത്താന്‍ കഴിയുകയും ചെയ്യും