ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികള്‍.
ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് അവസാനം തുറക്കുമെന്നതിനാല്‍ മിക്ക പ്രവാസി കുടുംബങ്ങളും ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട്.
ജൂലായില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ശരാശരി 35,000 രൂപയായിരുന്നു എയര്‍ഇന്ത്യ എക്സ്പ്രസിലെ നിരക്ക്. എന്നാല്‍ ഇതേ റൂട്ടില്‍ ആഗസ്റ്റില്‍ 13,400 രൂപ നല്‍കിയാല്‍ മതി. അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 40,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ആഗസ്റ്റില്‍ 10,850 രൂപ മതി. ബഹറൈന്‍, കുവൈത്ത്, ദമാം, മസ്‌ക്കറ്റ്, ജിദ്ദ റൂട്ടുകളിലെല്ലാം സമാനമായ കുറവുണ്ട്.
സീസണ്‍ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകള്‍ പലതവണ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സഹിക്കുകയല്ലാതെ നിവൃത്തിയില്ല