Home അറിവ് ട്രെയിന്‍ വൈകിയോടി; തൃശൂര്‍ സ്വദേശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

ട്രെയിന്‍ വൈകിയോടി; തൃശൂര്‍ സ്വദേശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

ട്രെയിന്‍ മണിക്കൂറുകളോളം വൈകിയോടിയതിനെ തുടര്‍ന്ന് ടിക്കറ്റ് എടുത്തിട്ടും യാത്ര ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി വന്നു. തൃശൂര്‍ സ്വദേശികളായ എംഎ ബാബു, പിഎസ് ജോര്‍ജ്, കെഎം ജോയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് അനുകൂല വിധി വന്നത്. 2010 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നത്.

പ്രസ്തുത ദിവസം പരാതിക്കാര്‍ മാംഗ്ലൂര്‍ എക്‌സ്പ്രസില്‍ വടക്കാഞ്ചേരിയില്‍ നിന്ന് പയ്യന്നൂരിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിരുന്നു. പുലര്‍ച്ചെ 3.20ന് ആയിരുന്നു ട്രെയിന്‍. സ്റ്റേഷനിലെത്തിയ പരാതിക്കാര്‍ക്ക് ട്രെയിന്‍ വൈകിയോടുന്നതിനെക്കുറിച്ചോ എപ്പോള്‍ സ്‌റ്റേഷനില്‍ എത്തും എന്നതിനെക്കുറിച്ചോ അറിയിപ്പ് ലഭിച്ചില്ല. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ കാത്തിരുന്നതിന് ശേഷം യാത്രക്കാര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു.

ഇതേ തുടര്‍ന്ന് ടിക്കറ്റ് എടുത്തിട്ട് യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ മൂന്ന് യാത്രക്കാരും റെയില്‍വേക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് സേവനത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഓരോ ഹര്‍ജിക്കാര്‍ക്കും 5000 രൂപ വീതം 15000 രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്.