പേ പിടിച്ച നായകളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്നും തീവ്ര വാക്‌സിന്‍ യജ്ഞം നടത്തുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉള്‍പ്പെടെ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പരമാവധി തെരുവ് നായകളെ വാക്‌സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്‌സിനേഷനും ABCയും നടത്താനും നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്‌കരിക്കും. ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളും. അതേസമയം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല നടപടികള്‍ ആവിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക് എബിസി അനുമതി നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
.സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികള്‍ക്കായി എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സ്റ്റെറിലൈസേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. അന്‍പത് ദിവസത്തിനകം ഇവ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനകം സജ്ജമായ 30 കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
നിലവില്‍ ചില ജില്ലാ പഞ്ചായത്തുകളും, കോര്‍പറേഷനുകളും നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. എബിസി പ്രോഗ്രാമിന് വെറ്റിനറി സര്‍വ്വകലാശാല പിജി വിദ്യാര്‍ത്ഥികളെയും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കും. നായയെ പിടിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി കോവിഡ് സന്നദ്ധ സേനയില്‍ നിന്ന് തത്പരരായ ആളുകള്‍ക്ക് പരിശീലനം നല്‍കും. വെറ്റിനറി സര്‍വ്വകലാശാലയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തെരുവ് നായകളെ പാര്‍പ്പിച്ച് പരിപാലിക്കുന്നതിന് ഷെല്‍ട്ടറുകള്‍ സാധ്യമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനും ഉന്നത യോഗത്തില്‍ തീരുമാനമായി. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വന്‍കൂട്ടമുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ച് നിരന്തര ഇടപെടല്‍ നടത്തി നായശല്യം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.തെരുവ് നായകളില്‍ ചിലതിന് ജനങ്ങള്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഇവയെ വാക്‌സിനേഷന് വിധേയരാക്കാന്‍ ഭക്ഷണം നല്‍കുന്നവര്‍ തന്നെ നേതൃത്വം നല്‍കണം. ഇങ്ങനെ വാക്‌സിനേഷന് എത്തിക്കുന്നവര്‍ക്ക് അഞ്ഞൂറ് രൂപ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കും. എബിസി കേന്ദ്രങ്ങള്‍ തുടങ്ങാനായി പ്രൊജക്ടുകള്‍ വെക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്താന്‍ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ അനുവാദം നല്‍കും.എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കും. സെപ്റ്റംബര്‍ 15നും 20നും ഇടയില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേര്‍ന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ പ്രോജക്‌ട് ഭേദഗതിയും ആക്ഷന്‍ പ്ലാനും തീരുമാനിക്കും. മൃഗസംരക്ഷണം-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, വിദഗ്ധര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ യോഗം ചേരണം. തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലാ ആസൂത്രണ സമിതികള്‍ ഇക്കാര്യം ഉറപ്പാക്കും.സംസ്ഥാനത്തെ എല്ലാ വളര്‍ത്തു നായകള്‍ക്കും 2022 ഒക്ടോബര്‍ 30 നകം വാക്‌സിനേഷനും, ലൈസന്‍സും പൂര്‍ണമാക്കാനുള്ള നടപടി സ്വീകരിക്കും