Home അറിവ് വിമാനയാത്രക്ക് ഒരു ഹാന്‍ഡ്ബാഗ് മാത്രം; നിയമം പാലിക്കാന്‍ നിര്‍ദേശം

വിമാനയാത്രക്ക് ഒരു ഹാന്‍ഡ്ബാഗ് മാത്രം; നിയമം പാലിക്കാന്‍ നിര്‍ദേശം

വിമാനത്തില്‍ യാത്രക്കാരന് ഒരു ഹാന്‍ഡ് ബാഗ് എന്ന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കത്തത് മൂലമാണ് വിമാനത്താവളങ്ങളില്‍ തിരക്ക് കൂടാന്‍ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ബിസിഎഎസ് അറിയിച്ചു.

വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നിലവില്‍ ശരാശരി യാത്രക്കാര്‍ രണ്ടു മുതല്‍ മൂന്ന് ഹാന്‍ഡ് ബാഗ് വരെയാണ് കൈയില്‍ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റില്‍ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്. ക്ലിയറന്‍സിന് കൂടുതല്‍ സമയമെടുക്കുന്നത് മൂലം വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുകയാണ്. ഈ കാലതാമസം യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചട്ടം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മെമ്മോയില്‍ പറയുന്നത്.

വണ്‍ ഹാന്‍ഡ് ബാഗ് വ്യവസ്ഥ എല്ലാ വിമാന കമ്പനികളും വിമാനത്താവളങ്ങളും കൃത്യമായി പാലിക്കണം. സുരക്ഷാ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് അനിവാര്യമാണ്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കമ്പനികള്‍ തയ്യാറാവണമെന്നും സര്‍ക്കുലറില്‍ പറയുന്നു.