Home അറിവ് അടിയന്തരഘട്ടങ്ങളില്‍ വിളിക്കാന്‍ ഇനി പുതിയ ടോള്‍ഫ്രീ നമ്പര്‍-112

അടിയന്തരഘട്ടങ്ങളില്‍ വിളിക്കാന്‍ ഇനി പുതിയ ടോള്‍ഫ്രീ നമ്പര്‍-112

112-ല്‍ വിളിച്ചാല്‍ പൊലീസ്, ആംബുലന്‍സ്, അഗ്നിശമനസേന അടക്കം സഹായത്തിനെത്തും.വിവിധതരം സഹായ അഭ്യർത്ഥനകൾക്ക് വ്യത്യസ്ത ടെലിഫോൺ നമ്പരുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതിയാകും.പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത് സങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാണ്‌.സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കാനാകും.
ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടന്‍ സഹായം എത്തും.
112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സേവനം ലഭിക്കും. ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ സഹായമെത്തും.അടിയന്തരസഹായം ലഭിക്കുന്നതിന് രാജ്യവ്യാപകമായി ഒരു നമ്പര്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്തും മാറ്റം. ഫയർ ഫോഴ്‌സിന്റെ സേവനങ്ങൾക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങൾക്കുള്ള 108, സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തും.