രണ്ടും മൂന്നും പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇതൊന്ന് വായിച്ചിരിക്കണം

    ഡോക്ടര്‍ന്മാരെ സംബന്ധിച്ച് പ്രസവം എന്നും ക്ലീഷേ ആയ സംഭവമായിരിക്കും. എന്നാല്‍ മൂന്ന് പ്രാവശ്യം പ്രസവിച്ച അനുഭവങ്ങള്‍ ഉള്ള സ്ത്രീയാണെങ്കില്‍ പോലും നാലാമത്തെ പ്രസവം ക്ലീഷേയാണെന്ന് പറയാന്‍ കഴിയില്ല. കാരണം ഓരോ ഗര്‍ഭധാരണ സമയങ്ങളും പ്രസവ ബുദ്ധിമുട്ടുകളും വ്യത്യസ്തമാണ്. പ്രസവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ പ്രസവത്തിന്റെ അനുഭവങ്ങള്‍ ഓരോ മിനിട്ടിലും വ്യത്യസ്തം തന്നെയായിരിക്കും എന്ന് വേണം പറയാന്‍. എന്നാല്‍ ഭാര്യയുടെ വേദന ക്ലീഷേയായി കണക്കാക്കുന്ന എന്റെ അമ്മ പത്ത് പെറ്റു പിന്നയാണോ ഈ രണ്ട് എന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാരുടെ കണ്ണ് തുറപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരിയായ സൗമ്യ രാധ വിദ്യാധര്‍… കുറിപ്പ് വായിക്കാം..

    ‘സി-സെക്ഷൻ എന്നാൽ ഒരു വലിയ സർജറിയാണ്. അതിന് റിസ്‌കുകൾ ഉണ്ട്. എന്റെ എല്ലാ പ്രസവവും സി-സെക്ഷൻ ആയതുകൊണ്ട് എനിക്ക് മൂന്ന് വ്യത്യസ്ത അനുഭവങ്ങളുണ്ട്. 45 മിനിറ്റെടുക്കും സി-സെക്ഷൻ പൂർത്തിയാക്കാൻ. ബിക്കിനി ലൈനിന് താഴെയയി ആറ് ഇഞ്ച് നീളത്തിലാണ് ഓരോ മുറിവും.
    ആദ്യ കുട്ടി സനയുണ്ടാകുമ്പോൾ എനിക്ക് 25 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിവസ്ത്രയാക്കപ്പെട്ടു എന്നതൊഴിച്ചാൽ എനിക്ക് മറ്റ് ആശങ്കകളൊന്നും ആദ്യ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല. ആദ്യ സി-സെക്ഷന് ശേഷം എനിക്ക് ഒരാഴ്ചക്കാലം വേദനയുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാഞ്ഞു പോയി.ഇതിന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയായ പീലിയെ ഗർഭം ധരിക്കുന്നത്. ഞാൻ എന്റെ മുപ്പതുകളിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. മൂന്നാം ട്രൈമെസ്റ്ററിന്റെ സമയത്ത് കടുത്ത ആസ്മയും എനിക്ക് അനുഭവപ്പെട്ടിരുന്നു. പലപ്പോഴും രാത്രി ഉറക്കം നഷ്ടപ്പെട്ട് ശ്വസിക്കാൻ സാധിക്കാതെ ഞാൻ എഴുനേറ്റിരിക്കുമായിരുന്നു. പ്രസവത്തിനായി ലേബർ റൂമിലേക്ക് പോയപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ രക്ത സമർദം അപകടകരമായ നിലയിലേക്ക് താഴ്ന്നു…സി-സെക്ഷന് പിന്നാലെ അതികഠിന വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. യൂട്ട്‌റസ് ചുരുങ്ങുന്നതിന്റെ വേദനയായിരുന്നു അത്. സാധാരണ അടിവയറിൽ ഉണ്ടാകുന്ന വേദനയുടെ അൻപതിരട്ടി വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നീണ്ട 24 മണിക്കൂർ ഈ വേദന പേറി ജീവിച്ചു…പലപ്പോഴും മരിച്ചുപോകുമോ എന്നുവരെ ഞാൻ സംശയിച്ചു. ഇപ്പോഴും അതെങ്ങനെ അതിജീവിച്ചു എന്നെനിക്ക് അറിയില്ല. മാത്രമല്ല എൻഐസിയുവിലായിരുന്നു പീലിക്ക് മുലപ്പാൽ പിഴിഞ്ഞു നൽകുകയും വേണമായിരുന്നു. ബ്രെസ്റ്റ് പമ്പുകൾ യൂട്രസ് ചുരുങ്ങുന്നതിന്റെ ആക്കം വർധിപ്പിക്കുകയും ചയ്തിരുന്നു.അടുത്ത വർഷം ഞാൻ വീണ്ടും ഗർഭിണിയായി. ഇത്തവണയും കടുത്ത ആസ്മയുണ്ടായി. മൂന്ന് തവണ നെബിലൈസ് ചെയ്തു. മൂന്നാം തവണയും സി-സെക്ഷനായിരുന്നു. ഇത്തവണ അമിതമായി ഭാരം ഉണ്ടായിരുന്നതിനാൽ നട്ടെല്ലിൽ അനസ്തീഷ്യ നൽകാൻ കഴിഞ്ഞില്ല. അങ്ങനെ പൂർണമായും മയക്കി കിടത്തി. മൂന്ന് മണിക്കൂരിന് ശേഷം ഭർത്താവ് ആര്യൻ ഒരു പെൺകുട്ടി പിറന്നിരിക്കുന്നു എന്ന് ചെവിയിൽ മന്ത്രിച്ചപ്പോഴാണ് ഞാൻ കണ്ണു തുറക്കുന്നത്. എട്ട് ദിവസമാണ് മൂന്നാമത്തെ കുട്ടിയായ കനി എൻഐസിയുവിൽ കിടന്നത്. ഇത്തവണ യൂട്രസ് കോൺട്രാക്ഷൻ ഉണ്ടായിരുന്നില്ല. പിന്തുണ നൽകി ഭർത്താവ് ആര്യൻ കൂടെ തന്നെ ഉണ്ടായിരുന്നത് ആശ്വാസമേകി.എന്നാൽ മറ്റൊരു പ്രസവത്തിന് എന്നെ കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. ഓരോ പ്രസവും എന്നിലുണ്ടാക്കിയ പ്രശ്‌നങ്ങൾ കണ്ട ആര്യനും ഇനിയൊരു പ്രസവം വേണ്ടെന്ന് തീരുമാനിച്ചു.ഞാൻ അനുഭവിച്ച ഈ സങ്കീർണതകൾക്ക് പുറമെ മറ്റ് സ്ത്രീകൾ ഇതിലും വലിയ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ചിലർക്ക് അമിത രക്തസ്രാവം, അണുബാധ, ശസ്ത്രക്രിയയെ തുടർന്നുള്ള മുറിവുകൾ, എന്തിനേറെ ഹൃദയാഘാതം പോലും സംഭവിക്കാം.ഗർഭം, പ്രസവം, കുഞ്ഞ് പിറന്നതിന് ശേഷമുള്ള മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവ ഭർത്താവോ വീട്ടുകാരോ അനുഭവിക്കുന്നില്ല എന്നു കരുതി അവർക്ക് പെൺകുട്ടിയോട് അനുകമ്പയോ സിംപതിയോ തോന്നാതിരിക്കുന്നതിന് കാരണമാകുന്നില്ല. ചില പുരുഷന്മാർ കുട്ടികളെ പരിപാലിക്കുന്നതിൽ നിന്ന് പോലും വിട്ടു നിൽക്കാറുണ്ട്. കുഞ്ഞ് പിറക്കുക എന്നത് സ്ത്രീകൾ തീരുമാനിക്കേണ്ട കാര്യമാണ്. ഒരിക്കലും, ഒരാൾക്കും, ഭർത്താവിന് പോലും സ്ത്രീയെ ഇതിനായി നിർബന്ധിക്കാൻ അവകാശമില്ല. ആ വേദനകളിലൂടെ കടന്നുപോകാൻ താത്പര്യമില്ലാത്ത ഒരാളെ എങ്ങനെയാണ് അതിനായി നിർബന്ധിക്കാൻ കഴിയുക ?ഒരു കുഞ്ഞ് എന്നത് എല്ലാവർക്കും അത്ഭുതമാണ് എന്നാൽ അത് ഒരു അമ്മയുടെ ജീവൻ എടുത്തുകൊണ്ടാകരുത്. ‘