Home അറിവ് എല്ലാ താരനും ഒന്നല്ല, നിങ്ങളുടെ പ്രശ്‌നം ഏതെന്ന് കണ്ടെത്തൂ

എല്ലാ താരനും ഒന്നല്ല, നിങ്ങളുടെ പ്രശ്‌നം ഏതെന്ന് കണ്ടെത്തൂ

ഒരു വിധം ആളുകളെയെല്ലാം ബാധിക്കുന്ന സൗന്ദര്യപ്രശ്നമാണ് താരൻ. ഇത് തലയിൽ ചൊറിച്ചിലുണ്ടാക്കാനും മുടി കൊഴിച്ചിലിനുമെല്ലാം കാരണമാകും. ചികിത്സിക്കണമെങ്കിലും ഈ താരന്റെ വിധം അറിഞ്ഞ് വേണം ചികിത്സിക്കാൻ. താരൻ തന്നെ രണ്ട് വിധമുണ്ട് – വരണ്ടതും എണ്ണമയമുള്ളതും.

എണ്ണമയമുള്ള താരനാണെങ്കിൽ നാരങ്ങാ നീരും വെള്ളവും ചേർന്ന മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഇത് വീര്യം നന്നേ കുറഞ്ഞ (ബേബി ഷാമ്പൂ ആയാൽ നന്ന്) ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. വരണ്ട താരനാണെങ്കിൽ വെളിച്ചെണ്ണ ചെറു ചൂടോടെ തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ആൻറി ഡാൻഡ്രഫ് ഷാമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകണം. പിന്നീട് വരൾച്ച മാറ്റാനായി ഹെയർ ഓയിൽ തേച്ച് പിടിപ്പിക്കാം. താരന് ബ്യൂട്ടി പാർലറുകളിലും ചികിത്സ സുലഭമാണ്. സ്റ്റീമിംഗ്, സ്പാ, ഓസോൺ, ഹെയർ പായ്ക്ക്, പ്രോട്ടീൻ, ഓയിൽ തുടങ്ങിയ ഫലപ്രദമായ ചികിത്സകളും 500 രൂപ വരെ മുടക്കിയാൽ ലഭിക്കും.

തലയിൽ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകൾ ഇളകിപ്പോകുന്ന അവസ്ഥയാണ് താരൻ.
ചെറിയ തോതിൽ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാൽ, ചില വ്യക്തികളിൽ മൃത കോശങ്ങൾ അമിതമായി കൊഴിഞ്ഞുപോയേക്കും. അമിതമായി മൃത കോശങ്ങൾ കൊഴിയുമ്പോൾ തലയിൽ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകൾ ഉപയോഗിക്കുന്നത് താരൻ മാറാൻ സഹായകമാണ്. താരൻ എന്നത് പേൻ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരൻ മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാറില്ല.

സെബോറിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമായി മൃതകോശങ്ങൾ കൊഴിയുന്നതിന് കാരണമാകാം. ചിലർക്ക് താരൻ ബാധിക്കുന്നത് മാനസിക വിഷമങ്ങൾക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിൻറെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാൽ, ഈ കോശങ്ങൾ തീരെ ചെറുതായതിനാൽ കണ്ണിൽ പെടില്ല.

താരൻ വരാതിരിക്കാൻ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതും നല്ലതാണ്. താരൻ നിയന്ത്രിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ദിവസവും ഷാമ്പൂ ചെയ്യുന്നത് പ്രയോജനം ചെയ്യും. ഫംഗസ് വിരുദ്ധ ഷാമ്പൂ തുടർച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കിൽ മുടിയിൽ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും.