Home അറിവ് വ്യക്തമായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യക്തമായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യക്തമായ കാരണങ്ങളില്ലാതെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങൾ അല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്ന എംഎൽമാർക്ക് പ്രവർത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കുകയും വേണം.

അതേസമയം എല്ലാ പാർട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാൽ ഇക്കാര്യം പരിശോധിക്കും. സംസ്ഥാന സർക്കാർ മാത്രം ആവശ്യപ്പെട്ടാൽ ഇതിൽ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിൽ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാനാവുമെന്നും കമ്മീഷൻ അറിയിച്ചു.

സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാൽ വിജയിച്ചുവരുന്ന എംഎൽഎമാർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവിൽ വരുന്ന ഏപ്രിൽ മാസത്തിന് തൊട്ടു മുമ്പു വരെ മാത്രമേ പ്രവർത്തന കാലാവധി ഉണ്ടാവുകയുളളൂ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിർദേശം സർക്കാർ സ്വീകരിക്കുന്നത്.