Home അറിവ് സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ തുറക്കുന്നു ; വിശദവിവരങ്ങള്‍ അറിയാം

സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ തുറക്കുന്നു ; വിശദവിവരങ്ങള്‍ അറിയാം

കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകളും നാളെ മുതല്‍ പുനരാരംഭിക്കുകയാണ്.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ബാക്കിയുള്ള സ്ഥലങ്ങളിലാണ് സ്‌കൂളുകള്‍ തുറക്കുക. ഓരോ ആള്‍ക്കും പരിശീലനം നല്‍കിയ ശേഷം സ്റ്റിയറിങ് വീല്‍, ഗീയര്‍ ലിവര്‍, സീറ്റ് ബെല്‍റ്റ്, ഹാന്‍ഡില്‍, മിറര്‍, ഡോര്‍ ഹാന്‍ഡില്‍, ടൂവീലര്‍ ഹാന്‍ഡില്‍ എന്നിവ സ്പ്രേയര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ അടയ്ക്കാന്‍ പാടില്ല. എസി ഉപയോഗിക്കാന്‍ പാടില്ല. ഒരേ സമയം പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തില്‍ പാടുള്ളു, തുടങ്ങിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഡ്രൈവിങ് ടെസ്റ്റുകള്‍ നടക്കുമ്പോള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ആര്‍ടിഒമാര്‍ ടെസ്റ്റ് ഗ്രൗണ്ടിലെത്തി വിലയിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കോ ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമാണ് ഒക്ടോബര്‍ 15 വരെ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുക.