Home വാണിജ്യം ഹുറുണ്‍ ഇന്ത്യ സമ്പന്നപ്പട്ടിക പുറത്ത്: 23 മലയാളികള്‍, ഒന്നാമന്‍ യൂസഫലി

ഹുറുണ്‍ ഇന്ത്യ സമ്പന്നപ്പട്ടിക പുറത്ത്: 23 മലയാളികള്‍, ഒന്നാമന്‍ യൂസഫലി

ഐഎഫ്എല്‍ വെല്‍ത്ത് ഹുറുണിന്റെ സമ്പന്നപ്പട്ടിക പുറത്ത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 23 മലയാളികളാണ് ഇടം നേടിയത്. മലയാളി സമ്പന്നരില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു ഒന്നാമന്‍. ഇന്ത്യന്‍ സമ്പന്നരില്‍ 21-ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്.

വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഷംഷീര്‍ വയലില്‍ ആണ് മലയാളികളില്‍ രണ്ടാമന്‍. 13,200 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 58-ാം സ്ഥാനത്താണ് ഷംഷീര്‍. 11,600 കോടി രൂപയുടെ ആസ്തിയുമായി ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ള (69-ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ (80-ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ് (98-ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി.

ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ (8,800 കോടി), ഭാര്യ ശോഭ മേനോന്‍ (5,200 കോടി), കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ (4,000 കോടി), മണപ്പുറം ഫിനാന്‍സ് എം.ഡി. വി.പി. നന്ദകുമാര്‍ (3,700 കോടി) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

ശോഭ മേനോന്‍, ബിന്ദു പിഎന്‍സി മേനോന്‍, സൂസന്‍ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്‌സാണ്ടര്‍, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോര്‍ജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യന്‍ ധനികരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒരു വനിത പോലുമില്ല.

തുടര്‍ച്ചയായി എട്ടാം തവണയാണ് മുകേഷ് അംബാനി ഹുറുണ്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരില്‍ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്പി ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാം സ്ഥാനത്തെത്തി. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 കോടി രൂപ), ഗൗതം അദാനി (94,500 കോടി) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.