Home കൃഷി ബക്കറ്റില്‍ മുത്ത് കൃഷി ചെയ്യാം ലക്ഷങ്ങള്‍ സമ്പാദിക്കാം…

ബക്കറ്റില്‍ മുത്ത് കൃഷി ചെയ്യാം ലക്ഷങ്ങള്‍ സമ്പാദിക്കാം…

കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ് മുത്ത് കൃഷി. കടലാഴങ്ങളില്‍ മാത്രമേ മുത്ത് വിളയൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ബക്കറ്റിലും മുത്ത് വിളയും അതിന് പൊന്നിന്റെ വിലയും കിട്ടും എന്ന് തെളിയിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കെ ജെ മാത്തച്ചന്‍.

സൗദി അറേബ്യയിലെ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ ടെലി കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രഫസറായിരിക്കുന്ന കാലത്ത് ജോലിയുടെ ഭാഗമായി ചൈനയിലെ ഡന്‍ഷുയ് ഫിഷറീസ് ഗവേഷണ കേന്ദ്രത്തില്‍ എത്തി. ഇവിടെ മുത്ത് കൃഷിയില്‍ ഡിപ്ലോമ കോഴ്‌സ് ഉണ്ടെന്ന് അറിഞ്ഞ മാത്തച്ചന്‍ ജോലി ഉപേക്ഷിച്ച് ഡിപ്ലോമ ചെയ്യാന്‍ പോയി. 1999 കോഴ്‌സ് പൂര്‍ത്തിയാക്കി കേരളത്തില്‍ എത്തി.

ശുദ്ധജലത്തില്‍ വളരുന്ന കക്ക മഹാരാഷ്ട്രയില്‍ നിന്നും പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്നുമെല്ലാം ശേഖരിച്ച് ബക്കറ്റിലിറക്കിയാണ് കൃഷി ആരംഭിച്ചത്. തുടക്കത്തില്‍ എല്ലാവരും എതിര്‍ത്തു. മുത്തു കൃഷിയെ കുറിച്ച് അറിവില്ലാത്തത് തന്നെയായിരുന്നു അതിന് കാരണവും. എന്നാല്‍ പുത്തന്‍ ആശയം വിജയിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു എന്നും മാത്തച്ചന്‍ പറയുന്നു.

ഒന്നര ലക്ഷം മുതല്‍ മുടക്കി കൃഷി ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാലര ലക്ഷം രൂപ കൃഷിയില്‍ നിന്നും ലഭിച്ചു. പിന്നീട് കൃഷി വിപുലീകരിക്കുകയും താല്‍പര്യമുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുകയും ചെയ്തു. ആഭ്യന്തര വിപണിയില്‍ കിട്ടുന്നതിനേക്കാള്‍ മൂല്യം അന്താരാഷ്ട്ര വിപണിയില്‍ ആയത് കൊണ്ട് വിദേശത്തേക്കാണ് മാത്തച്ചന്‍ മുത്തുകള്‍ കയറ്റി അയക്കുന്നത്. 360 ഗ്രാമിന് 1800 രൂപ വരെ ലഭിക്കും. വീടിന് പുറകിലുള്ള കൃത്രിമ കുളത്തിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കേരളത്തിലെ യുവാകള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്ന കൃഷിയാണ് മുത്തുകൃഷിയെന്നും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് എത്തിയാല്‍ കേരളത്തിന്റെ വിപണിയെ തന്നെ മാറ്റി മറിയ്ക്കാന്‍ സാധിക്കുമെന്നും മാത്തച്ചന്‍ പറയുന്നു.