Home അറിവ് അരിയും ചെറുപയറും അടക്കം ഒന്‍പത് ഇനം സാധനങ്ങള്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ കിറ്റ്

അരിയും ചെറുപയറും അടക്കം ഒന്‍പത് ഇനം സാധനങ്ങള്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ കിറ്റ്

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒന്‍പത് തരം സാധനങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അരിയും ചെറുപയറും കടലയും തുവര പരിപ്പും ഉഴുന്നും ഭക്ഷ്യ എണ്ണയും മൂന്നിനം കറി പൗഡറും അടക്കം ഒമ്പതിനം സാധനങ്ങാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് കിറ്റ് ലഭിക്കുക. 27 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായാണ് കിറ്റ് നല്‍കുക. 2020-21 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നത്.

100 കോടി രൂപ ചിലവ് വരുന്ന പദ്ധതിയിലൂടെ മൂന്ന് മാസത്തിലെ അവധിദിനങ്ങള്‍ ഒഴികെയുള്ള 62 ദിവസം അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവ് ഇനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ലഭിക്കുക.

പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയതാകും കിറ്റ്. പ്രൈമറി വിഭാഗത്തിന് ഏഴ് കിലോ അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും.

സപ്ലൈകോ മുഖേന ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. നേരത്തേ ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈയില്‍ നടത്തിയിരുന്നു.