Home Uncategorized നിയന്ത്രണങ്ങള്‍ നീക്കി ഗൂഗിള്‍ മീറ്റ്: അണ്‍ലിമിറ്റഡ് വിഡിയോ കോളുകള്‍ തുടര്‍ന്നും സൗജന്യം

നിയന്ത്രണങ്ങള്‍ നീക്കി ഗൂഗിള്‍ മീറ്റ്: അണ്‍ലിമിറ്റഡ് വിഡിയോ കോളുകള്‍ തുടര്‍ന്നും സൗജന്യം

POZNAN, POL - MAY 6, 2020: Laptop computer displaying logo of Google Meet, a video communication service developed by Google

കോവിഡ് 19 വൈറസിനെ തുടര്‍ന്നുള്ള ലോക്ൗണിന് പിന്നാലെ മിക്കവരും ജോലി ഓഫിസുകളില്‍ നിന്ന് വീട്ടിലേക്ക് മാറ്റി. മീറ്റിങ്ങുകളും കോണ്‍ഫറന്‍സുകളുമെല്ലാം ഓണ്‍ലൈനില്‍ ആയതോടെ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ആപ്പുകളില്‍ ഒന്നായി ഗൂഗിള്‍ മീറ്റ്. മണിക്കൂറുകളോളം നൂറുപേരെ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ചാറ്റുകള്‍ സാധ്യമാകുമെന്നതാണ് ഇതിന് കാരണം.

ഓഫീസ് കാര്യങ്ങള്‍ മുതല്‍ ഉല്ലാസ പരിപാടികള്‍ വരെ ഇത്തരം പ്ലാറ്റ്ഫോമുകള്‍ വഴിയാണ് നടക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഓഫീസ് മീറ്റിങ്ങുകള്‍, സംഗീത/ ഡാന്‍സ് ക്ലാസുകള്‍ മുതല്‍ വിവാഹങ്ങള്‍ വരെ വിഡിയോ കോണ്‍ഫറസിങ് പ്ലാറ്റ്ഫോമുകളിലൂടെ സാധ്യമാകുന്നുണ്ട്.

അതേസമയം ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനങ്ങള്‍ ഇന്ന് അവസാനിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ വിഡിയോ കോളുകള്‍ സൗജന്യമായിരിക്കും എന്നറിയിച്ചുകൊണ്ട് ഗൂഗിള്‍ പറഞ്ഞ കാലയളവ് അവസാനിച്ചതിനാലാണ് തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

ഒരു മണിക്കൂറിലധികം വിഡിയോ കോളില്‍ ഏര്‍പ്പെടണമെങ്കില്‍ പണം നല്‍കണം എന്നതായിരുന്നു മാറ്റം. എന്നാലിപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അധികൃതര്‍.

ഗുഗിള്‍ മീറ്റിന്റെ സേവനങ്ങള്‍ തുടര്‍ന്നും സൗജന്യമായി ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുവഴി തുടര്‍ന്നും 24 മണിക്കൂറും അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് വഴിയൊരുക്കുകയാണ് ഗുഗിള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സൗജന്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് പുതിയ അറിയിപ്പ്.

കോവിഡ് പശ്ചാത്തലത്തില്‍ യാത്രകള്‍ ചുരുക്കേണ്ടതുകൊണ്ട് പല പരിപാടികള്‍ക്കും ആളുകള്‍ ആശ്രയിക്കുന്നത് ഗുഗിള്‍ മീറ്റിനെയാണ്. ഫാമിലി റിയൂണിയനുകള്‍, പിടിഎ മീറ്റിങ്ങുകള്‍ മുതല്‍ കല്യാണങ്ങള്‍ക്കുവരെ ധാരാളം പേര്‍ ഗുഗിള്‍ മീറ്റിനെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഉപഭോക്താക്കളെ സഹായിക്കാനായി തുടര്‍ന്നും സൗജന്യമായി വിഡിയോ കോളുകള്‍ അനുവദിക്കുകയാണെന്ന് ഗുഗിള്‍ മീറ്റ് പ്രൊഡക്ട് മാനേജര്‍ സമീര്‍ പ്രഥാന്‍ അറിയിച്ചു.