Home വാണിജ്യം ആഗോള സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇന്ത്യയിലേക്ക്

ആഗോള സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇന്ത്യയിലേക്ക്

വിദേശ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഒട്ടും പിറകിലല്ല ഇന്ത്യ. മേഡ് ഇന്‍ ഇന്ത്യ പ്രൊഡക്റ്റുകളേക്കാളേറെ നമ്മള്‍ മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളായിരിക്കും ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും സാങ്കേതിക വിദ്യയുടെ രംഗത്തെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലാണ് ഇത് കൂടുതലും. മിക്കതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളാണ്.

എന്നാല്‍ ഈ രീതിയ്ക്ക് മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക ഉല്‍പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതിയ്ക്ക് നികുതി വര്‍ധിപ്പിക്കുകയും ഇന്ത്യയില്‍ നിന്ന് നിര്‍മിച്ച് ആഗോളവിപണിയിലേക്ക് കയറ്റുമതി ചെയ്യാനും ബഹുരാഷ്ട്ര കമ്പനികളോട് ആവശ്യപ്പെടുകയാണ് ഇന്ത്യ.

ഈ പദ്ധതിയുടെ ഭാഗമായി 16 കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉല്‍പാദനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉല്‍പാദന രംഗത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,50,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി രാജ്യം പ്രതീക്ഷിക്കുന്നത്.

ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, വിസ്സ്ട്രണ്‍ കോര്‍പ്പ്, പെഗട്രണന്‍ കോര്‍പ്പ്, സാംസങ് ഇലക്ട്രോണിക്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് ഉല്‍പാദനം നടത്താന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

പ്രാദേശിക വിതരണത്തിന് പുറമെ ആഗോള വിപണിയിലേക്കുള്ള ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഉല്‍പാദനത്തിന്റെ 60 ശതമാനവും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക കമ്പനികളായ ലാവ, പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്‌സ് തുടങ്ങിയ കമ്പനികള്‍ക്കും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് പ്രോഗ്രാമിന്റെ ഭാഗമാവാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.