Home അന്തർദ്ദേശീയം ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി ഫിന്‍ലന്‍ഡുകാരി; പതിനാറുകാരിക്ക് ലഭിച്ച അപൂര്‍വ അവസരം

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി ഫിന്‍ലന്‍ഡുകാരി; പതിനാറുകാരിക്ക് ലഭിച്ച അപൂര്‍വ അവസരം

റ്റ ദിവസത്തേക്ക് പ്രധാനമന്ത്രി സ്ഥാനം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യാം? അല്ലെങ്കില്‍ തന്നെ ഇതെല്ലാം സിനിമയില്‍ അല്ലേ സംഭവിക്കൂ എന്ന് ചോദിക്കാന്‍ വരട്ടേ. ഒരു ദിവസത്തേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി വഹിക്കാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് കഥയിലെ താരം. ഫിന്‍ലന്‍ഡില്‍ നിന്നാണ് പ്രചോദനാത്മകമായ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പതിനാറുകാരിയായ ആവ മുര്‍തോയ്ക്കാണ് ആര്‍ക്കും ലഭിക്കാത്ത സൗഭാഗ്യം ലഭിച്ചത്. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്‍ തന്നെയാണ് ഈ ദൗത്യം ആവയെ ഏല്‍പ്പിച്ചത്. ബുധനാഴ്ച്ച ഒരുദിവസം മുഴുവന്‍ ആവയ്ക്ക് പ്രധാനമന്ത്രി പദവി വഹിക്കാന്‍ അവസരം ലഭിച്ചതിനു പിന്നില്‍ മതിയായ കാരണവുമുണ്ട്.

ഫിന്‍ലന്‍ഡിലെ സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സന്നാ മരിന്‍ തന്നെയാണ് തീരുമാനമെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിക്കാറുള്ളയാളാണ് ആവ.

വെറുതെ പദവിയില്‍ ഇരിക്കുക മാത്രമല്ല ഒറ്റ ദിവസം കൊണ്ട് എംപിമാരും മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു ആവ. ഒരു ദിവസമാണെങ്കില്‍ക്കൂടിയും രാജ്യത്തെ പ്രധാനമന്ത്രി പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ പതിനാറുകാരി പറയുന്നത്.

പെണ്‍കുട്ടികള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും ആണ്‍കുട്ടികളുടേതുപോലെ അവരും സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരാണെന്നും അധികാരികള്‍ അറിഞ്ഞിരിക്കണമെന്നും ആവ പറയുന്നു.

അന്താരാഷ്ട്ര ലിംഗസമത്വ തോതെടുത്താല്‍ ഫിന്‍ലന്‍ഡിന് മെച്ചപ്പെട്ട സ്‌കോറുണ്ടെങ്കിലും സാങ്കേതിക സ്ഥാപനങ്ങളിലും മറ്റും സ്ത്രീകള്‍ക്ക് ഇപ്പോഴും പ്രാതിനിധ്യം കുറവാണ്. ഡിസംബറില്‍ അധികാരത്തിലേല്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പദവിയും 34 കാരിയായ സന്നാ മരിനെ തേടിയെത്തിയിരുന്നു.