Home ആരോഗ്യം ദിവസവും ഓരോ പേരക്ക; പ്രതിരോധശേഷി കൂട്ടാന്‍ മറ്റൊന്നും വേണ്ട

ദിവസവും ഓരോ പേരക്ക; പ്രതിരോധശേഷി കൂട്ടാന്‍ മറ്റൊന്നും വേണ്ട

നമ്മുടെ തൊടിയില്‍ ധാരാളമായുണ്ടാകുന്ന പേരക്ക അത്ര നിസാര പഴം അല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. കൂടാതെ വിറ്റാമിന്‍ ബി, ഇ, കെ, ഫൈബര്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ പേരയ്ക്കയ്ക്ക് കഴിയും.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിധഗ്ദര്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

പേരക്ക മാത്രമല്ല ഇതിന്റെ ഇലയും ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്. പേരയില ഉണക്കി പൊടിച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ പേരയ്ക്ക ഇല കൊണ്ടുള്ള വെള്ളം, ചായ എന്നിവ കുടിക്കാവുന്നതാണ്.

നേരിയ ചുവപ്പ് കലര്‍ന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഒരു ഉത്തമ മരുന്നാണിത്. പേരക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇവ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം നല്‍കുന്നു.

പല്ല് വേദന, മോണരോഗങ്ങള്‍, വായ് നാറ്റം എന്നിവയകറ്റാന്‍ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ട് ചവച്ചാല്‍ മതി. വായ് നാറ്റമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പമ്പകടക്കും.