Home ആരോഗ്യം എസിയില്ലാത്ത ഐസിയുകള്‍ ആരോഗ്യപ്രവര്‍ത്തകരെ കോവിഡില്‍ നിന്ന് രക്ഷപ്പെടുത്തും; പഠനം

എസിയില്ലാത്ത ഐസിയുകള്‍ ആരോഗ്യപ്രവര്‍ത്തകരെ കോവിഡില്‍ നിന്ന് രക്ഷപ്പെടുത്തും; പഠനം

കോവിഡ് 19 വൈറസ് രോഗികളെ പരിചരിക്കുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് രോഗം ബാധിച്ച് കഷ്ടത്തിലാകുന്നത്. എന്നാല്‍ കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍(ഐസിയു) എസി ഒഴിവാക്കുന്നത് ഡോക്ടര്‍മാര്‍ രോഗബാധിതരാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം.

കേന്ദ്രീകൃത എസി സംവിധാനത്തില്‍ മുറികള്‍ക്കുള്ളിലെ വായു അവിടെ തന്നെ കിടന്ന് കറങ്ങുന്നത് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകരാന്‍ കാരണമാകുന്നതായി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

കോവിഡ് മുന്‍നിര പോരാളികളായ ഡോക്ടര്‍മാരും നഴ്സുമാരും രോഗബാധിതരാകുന്നതാണ് കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 500 ലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

വായുവിന്റെ പുനചംക്രമണം കുറയ്ക്കുന്നതും പുറത്തെ വായു കൂടുതലായി അകത്തേക്ക് വരുന്നതും മുറികള്‍ക്കുള്ളിലെ വൈറസ് വ്യാപനം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു. ചൂടുള്ള രാജ്യങ്ങളില്‍ അകത്തെ മുറികളിലെ വായു എസി ഉപയോഗിച്ച് ഈര്‍പ്പരഹിതമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്‍പ് നടത്തിയ പഠനങ്ങളും ശുപാര്‍ശ ചെയ്യുന്നു.

അകത്തെ മുറികളിലെ ഈര്‍പ്പം 40 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുന്നത് വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം കുറയ്ക്കാന്‍ സഹായകമാകും.
എസി ഒഴിവാക്കി പകരം പുറത്തെ വായുവിനെ അകത്തേക്ക് വരാന്‍ അനുവദിക്കുന്ന തരം ഫാനുകളും അകത്തെ വായുവിനെ പുറത്തേക്ക് തള്ളുന്ന തരം എക്സോസ്റ്റ് ഫാനുകളും ഘടിപ്പിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. അകത്തെ അണുബാധിത വായു പുറത്തേക്ക് വിടും മുന്‍പ് സോപ്പ് അധിഷ്ഠിത ഫില്‍റ്ററുകളിലൂടെയോ, ചൂട് വെള്ളത്തിലൂടെയോ കടത്തി വിടണമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.