Home അന്തർദ്ദേശീയം കോവിഡ് കാലത്ത് കുട്ടികളാകാം!! പ്രതിസന്ധിയില്‍ ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍

കോവിഡ് കാലത്ത് കുട്ടികളാകാം!! പ്രതിസന്ധിയില്‍ ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ തല്‍ക്കാലം കുട്ടികള്‍ വേണ്ടെന്ന് വെക്കാനാണ് മിക്ക രാജ്യങ്ങളും ജനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കോവിഡിന്റേയും സാമ്പത്തിക പ്രതിസന്ധിയുടേയും കാലത്ത് ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി എത്തുകയാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍.

പ്രതിസന്ധി മൂലം കുട്ടികളുണ്ടാവുന്നത് നീട്ടി വെക്കാന്‍ തീരുമാനിച്ചവര്‍ക്ക് സഹായമായി ഒറ്റത്തവണ ബോണസ് നല്‍കാനാണ് സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമായിത്തീരുമെന്ന് കരുതി പലരും കുട്ടികളുണ്ടാവുന്നത് നീട്ടി വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

ബോണസ് പോലെയുള്ള ധനസഹായം പ്രോത്സാഹജനകമാകുമെന്നും കുട്ടികളുണ്ടാവുന്നത് നീട്ടിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദമ്പതിമാര്‍ പിന്തിരിയുമെന്നും കരുതുന്നതായി സിങ്കപ്പൂര്‍ ഉപ പ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതാണ് നിലവില്‍ കുട്ടികള്‍ വേണ്ട എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിക്കുന്നതെന്ന കാര്യം വ്യക്തമായതിനാലാണ് അവര്‍ക്ക് ബോണസ് നല്‍കി സഹായിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ ജനനനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് സിങ്കപ്പൂര്‍. ജനനനിരക്ക് കൂട്ടാനുള്ള വിവിധ പദ്ധതികള്‍ സിങ്കപ്പൂരില്‍ നിലവില്‍ നടപ്പിലാക്കി വരുന്നുണ്ട്. അതേസമയം ബോണസ് തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

57,000 ത്തോളം പേര്‍ക്കാണ് സിങ്കപ്പൂരില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കുറവ് കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യത്ത് വൈറസ് ബാധ മൂലം ഇതു വരെ മരിച്ചത് 27 പേരാണ്. ദിവസങ്ങളോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സിംഗപുരില്‍ ഒക്ടോബര്‍ ആറിന് ഏഴ് പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.