Home ആരോഗ്യം ഇവര്‍ കോവിഡ് രോഗികളാണെങ്കിലും പത്ത് ദിവസത്തിനപ്പുറം രോഗം പരത്തില്ലെന്ന് റിപ്പോര്‍ട്ട്

ഇവര്‍ കോവിഡ് രോഗികളാണെങ്കിലും പത്ത് ദിവസത്തിനപ്പുറം രോഗം പരത്തില്ലെന്ന് റിപ്പോര്‍ട്ട്

തീവ്ര ലക്ഷണമില്ലാത്തവരും രോഗലക്ഷണങ്ങളില്ലാത്തവരുമായ കോവിഡ് രോഗികള്‍ 10 ദിവസത്തിനപ്പുറം രോഗം പരത്തില്ലെന്ന് തെളിയിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകമെമ്പാടും നടന്ന 77 പഠനങ്ങളെ അവലോകനം ചെയ്ത അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെയും ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്.

പഠനത്തിലെ കണ്ടെത്തലുകള്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഹോസ്പിറ്റല്‍ എപ്പിഡെമോളജി ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. വൈറല്‍ ആര്‍എന്‍എ രോഗിയുടെ ശരീരത്തില്‍ കണ്ടെത്തുന്നതും രോഗവ്യാപന ശേഷിയും തമ്മില്‍ ബന്ധമില്ലെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് രോഗികളുടെ ശരീരത്തില്‍ നിന്ന് വൈറസ് എപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കാം. എന്നാല്‍ രോഗം വ്യാപിപ്പിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ തീവ്രത കുറഞ്ഞ രോഗലക്ഷണമുള്ളവരില്‍ 10 ദിവസം വരെയേ പുറത്ത് വരുള്ളൂ എന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തീവ്ര രോഗബാധിതര്‍ 20 ദിവസം വരെ കോവിഡ് രോഗം പരത്താമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.