അന്തരീക്ഷവായൂ മലിനീകരണവും കോവിഡ് മരണങ്ങൾ വർധിക്കാൻ ഒരു കാരണമാണെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. കോവിഡ് മൂലമുണ്ടായ മരണങ്ങളിൽ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണം മൂലമാണെന്നാണ് പഠന റിപ്പോർട്ട്. ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
പഠനത്തിൽ അന്തരീക്ഷ മലിനീകരണവും കോവിഡും ചേരുന്നതിലൂടെയുള്ള അപകടാവസ്ഥയെ കുറിച്ചാണ് പറയുന്നത്. കാർഡിയോ വാസ്കുലർ റിസർച്ച് എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വായു മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോകത്താകമാനമുള്ള കോവിഡ് മരണങ്ങളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വായു മലിനീകരണം ശ്വാസകോശത്തെ തകരാറിലാക്കുകയും എസിഇ2ന്റെ പ്രവർത്തനം കൂട്ടുകയും ചെയ്യുന്നു. ബ്രിട്ടനിലുണ്ടായ 6000ളം കോവിഡ് മരണങ്ങൾക്ക് വായു മലിനീകരണം കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവാനായ ഒരാൾക്ക് കോവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അന്തരീക്ഷ മലനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവും മറികടക്കാൻ വാക്സിൻ ഇല്ലെന്നും, മലിനീകരണം കുറയ്ക്കുക മാത്രമാണ് മാർഗമെന്നും റിപ്പോർട്ടിൽ ഓർമിപ്പിക്കുന്നു.