Home അറിവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കാനുള്ള മാര്‍ഗരേഖ പുറത്ത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കാനുള്ള മാര്‍ഗരേഖ പുറത്ത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്ത്. റവന്യൂ വകുപ്പ് ആണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.

ഒരാള്‍ക്ക് ഒരു തവണ മാത്രമേ ധനസഹായം അനുവദിക്കൂ. കാന്‍സര്‍, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായം ലഭിച്ച് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗ വിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ രേഖ, ആധാര്‍ കാര്‍ഡ് മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണം.

അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്‌ഐആര്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരണം നടന്ന് ഒരു വര്‍ഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം.

കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തില്‍ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കും. ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

cmo.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം. നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇമെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം.

ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവയ്ക്കും. ഈ ഘട്ടത്തില്‍ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. cmo.kerala.gov.in പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം.