Home അറിവ് കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കുടുംബാസൂത്രണത്തിന് ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. എത്ര മക്കള്‍ വേണമെന്നും ഏതു കുടുംബാസൂത്രണ മാര്‍ഗം വേണമെന്നും തീരുമാനിക്കേണ്ടത് വ്യക്തികളാണ്.

രാജ്യത്തെ കുടുംബാസൂത്രണ പരിപാടി നിര്‍ബന്ധപൂര്‍വമുള്ളതല്ല. ഇത്, എത്ര മക്കള്‍ വേണമെന്ന് ദമ്പതികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനും അവര്‍ക്ക് അനുയോജ്യമായ കുടുംബാസൂത്രണ രീതികള്‍ സ്വീകരിക്കാനും അവസരം നല്‍കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.