Home ആരോഗ്യം കോവിഡ് പ്രതിരോധത്തിനും ലഘൂകരിക്കാനും ഹോമിയോ മരുന്ന്; സുപ്രീംകോടതിയുടെ അംഗീകാരം

കോവിഡ് പ്രതിരോധത്തിനും ലഘൂകരിക്കാനും ഹോമിയോ മരുന്ന്; സുപ്രീംകോടതിയുടെ അംഗീകാരം

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും ലഘൂകരിക്കുന്നതിനും ഹോമിയോ ഡോക്ടര്‍മാര്‍ക്ക് മരുന്നുകുറിക്കാമെന്ന് സുപ്രീംകോടതിയുടെ അംഗീകരാം. പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നായി മാത്രമേ ഹോമിയോ നല്‍കാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്താണ് സുപ്രീംകോടതിയുടെ വിധി.

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാനെന്ന പേരില്‍ മരുന്നുകള്‍ കുറിക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ നിലപാട് സുപ്രീംകോടതി ശരിവെച്ചെങ്കിലും രോഗം ലഘൂകരിക്കാനായി മരുന്ന് നല്‍കാമെന്നാണ് വിധി. ഹൈക്കോടതി വിധിക്കെതിരേ ഡോ. എകെബി സദ്ഭാവനാ മിഷന്‍ സ്‌കൂള്‍ ഓഫ് ഹോമിയോ ഫാര്‍മസി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കോവിഡിന് സര്‍ക്കാര്‍ അംഗീകൃത മിശ്രിതങ്ങളും ഗുളികകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നായി മാത്രം ആയുഷ് ഡോക്ടര്‍മാര്‍ക്ക് നല്‍കാമെന്ന കേരള ഹൈക്കോടതിയുടെ ഓഗസ്റ്റ് 21-ന്റെ ഉത്തരവാണ് ഭേദഗതി ചെയ്തത്. ആയുഷിനു കീഴില്‍ വരുന്ന ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്, പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് കുറിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

നിയമം പാലിക്കാത്ത ആയുഷ് ഡോക്ടര്‍മാര്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാനും സംസ്ഥാനത്തിന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സുപ്രീം കോടതി അതിനോട് യോജിച്ചില്ല. മാര്‍ച്ച് ആറിന് ആയുഷ് മന്ത്രാലയം ഇറക്കിയ മാര്‍ഗരേഖ പരിമിതമായി മാത്രമാണ് ഹൈക്കോടതി കണ്ടതെന്നും സുപ്രീം കോടതി വിലയിരുത്തി.