Home വാഹനം ഒരുതവണ ചാര്‍ജ് ചെയ്‌താല്‍ 452 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് എസ്.യു.വി -ഹ്യൂണ്ടായ്...

ഒരുതവണ ചാര്‍ജ് ചെയ്‌താല്‍ 452 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് എസ്.യു.വി -ഹ്യൂണ്ടായ് കോന വരുന്നു.

25ലക്ഷം രൂപ മുടക്കിയാല്‍ ഹ്യൂണ്ടായ് കോനയെന്ന പ്രീമിയം കോംപാറ്റ് ക്രോസ് ഓവറിനെ സ്വന്തമാക്കാം. ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണമെങ്കിലും ഏതൊരു ആഡംബര കാറിനെയും വെല്ലുന്ന സുഖസൗകര്യങ്ങള്‍ അടങ്ങിയതാണ് കോനയുടെ ഇന്റീരിയര്‍. മുന്നിലെ ഗ്രില്ലില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ലിം ഡി.ആര്‍.എല്‍, ലോ മൗണ്ടഡ് ഹെഡ് ലാംപ്, സിംഗിള്‍ പീസ് ബോഡി കളേര്‍ഡ് ഹെഡ്ലാംപ് തുടങ്ങിയവ വാഹനത്തിന് ആധുനിക മുഖം നല്‍കുന്നു. ഇതിനൊപ്പം ബംബറില്‍ ഘടിപ്പിച്ചിരിക്കുന്ന ഹ്യൂണ്ടായിയുടെ എംബ്ലം വാഹനത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു. വാഹനത്തില്‍ രണ്ട് രീതിയിലുള്ള ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് 39.5 കിലോവാട്ട് അവറിന്റേതും മറ്റേത് 64 കിലോവാട്ട് അവറിന്റേതും. ഒറ്റച്ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബാറ്ററി സംവിധാനം തന്നെ ഇന്ത്യയിലും കൊണ്ടുവന്നേക്കും. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുത്താലേ ഈ ബാറ്ററി മുഴുവന്‍ ചാര്‍ജാകൂ എന്നത് ന്യൂനതയാണ്. എന്നാല്‍ ഫാസ്‌റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് 80 ശതമാനം എത്തിക്കാന്‍ കഴിയും. ഫ്രണ്ട് വീല്‍ ഡ്രൈവാണ് കാറിലുള്ളത്. പൂജ്യത്തില്‍ നിന്ന് 9.7 സെക്കന്‍ഡിൽ ന‌ൂറിലെത്താനുള്ള മികവുണ്ട്. നിലവില്‍ വിപണിയിലുള്ള ഏത് എസ്.യു.വിയോടും ഒരു കൈ നോക്കാന്‍ കോനയ്‌ക്ക് കഴിയുമെന്നർത്ഥം.വളരെ ലളിതമായാണ് കോനയുടെ ഇന്റീരിയര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് കോനയിലുള്ളത്. സ്‌മാര്‍ട്ട് ഫോണ്‍ കണക്‌ടിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എട്ട് ഇഞ്ച് ഫ്ലോട്ടിംഗ് ഇന്‍ഫര്‍ടെയിന്‍മെന്റ് സിസ്‌റ്റം എന്നീ സംവിധാനങ്ങള്‍ വാഹനത്തില്‍ ലഭ്യമാണ്. മാത്രവുമല്ല ലെതര്‍ സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുകള്‍ രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ഹെ‌ഡ‌്ലാംപ്, ഇലക്‌ട്രിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, ഇലക്‌ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്. എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമുള്ള കാറില്‍ എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.സി, വി.എസ്.എം, എച്.എ.സി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല സൈലന്റായി സഞ്ചരിക്കുന്ന കാറില്‍ വിര്‍ച്വല്‍ ശബ്‌ദ സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്. ബാക്കി കാത്തിരുന്ന് കാണാം.