Home അറിവ് ഉദ്യോഗസ്ഥർ അറിയുവാൻ… സൂരജിന് പഠിക്കരുത്. പാഠമാണ്!!!

ഉദ്യോഗസ്ഥർ അറിയുവാൻ… സൂരജിന് പഠിക്കരുത്. പാഠമാണ്!!!

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത് എല്ലാവരും അറിഞ്ഞു കാണും.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലായിരുന്നു ഉത്തരവ്. വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സൂരജിന്റെ യഥാർഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളും വിജിലൻസ് പരിശോധിച്ചിരുന്നു. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലൻസ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കോടികളുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. 2004 മുതൽ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായത്. പൊതുമരാമത്ത് വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസർകോട് കോട്ട ഭൂമി വിവാദത്തിലടക്കം എൻഫോഴ്സ്മെന്റ്, വിജിലൻസ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.ഇതോടെ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനായി മാറി ടി.ഒ.സൂരജ്.അഴിമതിക്കാർക്കൊപ്പം ചേർന്ന് കോടികള്‍ സമ്പാദിച്ചു കൂട്ടിയ സൂരജിനെ പക്ഷേ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും തൊടാന്‍ കഴിയാതെ പോയത് മുന്നണികളില്‍ നിന്നും ലഭിച്ച രാഷ്ട്രീയ സംരക്ഷണമായിരുന്നു.
വനംവകുപ്പില്‍ റേഞ്ച് ഓഫീസറായി സര്‍ക്കാര്‍ ജോലിയില്‍ കയറിയ ടി ഒ സൂരജ് കോടികള്‍ സമ്പാദിക്കുന്ന വഴിയിലേക്ക് കുതിച്ചത് അതിവേഗമായിരുന്നു. ജോലിക്ക് കയറുമ്പോള്‍ സൂരജിന് ഉണ്ടായിരുന്നത് വെറും നാല് ലക്ഷം രൂപയുടെ സമ്പാദ്യമായിരുന്നു. കൊട്ടാരക്കരയിലുണ്ടായിരുന്ന കുടുംബ സ്വത്തായിരുന്നു അത്. എന്നാല്‍, അധികാരത്തില്‍ കയറിയപ്പോള്‍ മുതല്‍ കോടികള്‍ സമ്പാദിച്ച് കൂട്ടിയ സൂരജ് ഐഎഎസ് പദവി എത്തിപ്പിടിച്ചതും രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. വിവിധ തസ്തികകളില്‍ ഇരുന്ന് അനധികൃതമായി സൂരജ് സമ്പാദിച്ച് കൂട്ടിയത് നൂറ് കോടിയിലേറെ വിലമതിക്കുന്ന സ്വത്തുവകകള്‍ ആയിരുന്നു.
കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്ത് അഴിമതി സംഘങ്ങളുമായി സൂരജ് കൂട്ടുചേര്‍ന്നു. താക്കോല്‍സ്ഥാനങ്ങളിലേക്കു കുതിച്ചെത്തുന്നതിന് രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലെ ബന്ധം വഴിയൊരുക്കി. ഇടതു-വലതു സര്‍ക്കാറുകള്‍ അധികാരത്തില്‍ മാറിമാറി വരുമ്പോള്‍ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും അദ്ദേഹം എത്തിയത് മുതിര്‍ന്ന ഐ.എ.എസുകാരെ മറികടന്നായിരുന്നു. പതിനായിരക്കണക്കിനു കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി പദവിയില്‍ എത്തിയതോടെയാണ് സൂരജിന്റെ അഴിമതി എല്ലാ പരിധിയും ലംഘിച്ചത്.
ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലന്‍സ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോഴും കേസിൽപ്പെട്ടു. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രണ്ടാം പ്രതിയായിരുന്നു. മണല്‍ക്കടത്ത് നടത്തിയ വാഹനങ്ങള്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണു കണ്ടെത്തിയത്. വരുമാനത്തെക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലന്‍സ് അന്ന് കണ്ടെത്തിയത്.