Home അറിവ് ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; യാത്രക്കാരെ ആകര്‍ഷിക്കാന്‍ നീക്കം

ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; യാത്രക്കാരെ ആകര്‍ഷിക്കാന്‍ നീക്കം

സാധാരണ യാത്രക്കാരെ ആകര്‍ഷിക്കാനായി ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും ഇനി ടിക്കറ്റ് നിരക്ക് കുറയും. ഓര്‍ഡിനറി സര്‍വീസുകളില്‍ 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്ക്, ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി.

ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ് ഒഴിവാക്കിയത്. ഓര്‍ഡിനറി ബസുകളിലേക്കു യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. കെഎസ്ആര്‍ടിസി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്നു ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ബസ്ചാര്‍ജ് വര്‍ധനയ്ക്കു ശേഷം സെസ് ഇനത്തില്‍ 6.49 ലക്ഷം രൂപ കെഎസ്ആര്‍ടിസിക്കു ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു.