Home ആരോഗ്യം കോവിഡ് രോഗമുക്തരായവര്‍ കണ്ണുകള്‍ക്ക് അതീവ ശ്രദ്ധ നല്‍കണമെന്ന് വിദഗ്ധര്‍; കാരണമറിയാം

കോവിഡ് രോഗമുക്തരായവര്‍ കണ്ണുകള്‍ക്ക് അതീവ ശ്രദ്ധ നല്‍കണമെന്ന് വിദഗ്ധര്‍; കാരണമറിയാം

കോവിഡ് 19 രോഗം വന്ന് മുക്തി നേടിയവര്‍ തങ്ങളുടെ നേത്ര പരിചരണത്തില്‍ അതീവ ശ്രദ്ധ നല്‍കണമെന്ന് നേത്രരോഗവിദഗ്ധരുടെ മുന്നറിയിപ്പ്. രോഗബാധിതരില്‍ രക്ത ചംക്രമണത്തിലുണ്ടാകുന്ന തടസം കാഴ്ചശക്തിയെ ബാധിക്കാതിരിക്കാനാണ് വിദഗ്ധരുടെ ഈ ഉപദേശം.

കോവിഡ് ബാധിതരിലുണ്ടാകുന്ന ശ്വാസതടസം, രക്തസമ്മര്‍ദം എന്നിവ ചെറുതല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ രോഗമുക്തിക്കുശേഷവും ഉണ്ടാക്കാമെന്നാണ് നേത്രരോഗവിദഗ്ധരുടെ കണ്ടെത്തല്‍. രക്ത സമ്മര്‍ദത്തിലുണ്ടാകുന്ന വ്യതിയാനം മറ്റ് അവയവങ്ങളെ ബാധിക്കുന്നതുപോലെ തന്നെ കണ്ണിനെയും ബാധിക്കും.

റെറ്റിനയിലേക്കുള്ള രക്തചംക്രമണത്തിലെ കുറവ് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. റെറ്റിനയിലെ ശുദ്ധ, അശുദ്ധ രക്തധമനികളിലുണ്ടാകുന്ന നേരിയ തടസം പോലും കാഴ്ചയെ ബാധിച്ചേക്കാം. ധമനികളിലെ തടസം മൂലമുണ്ടാകുന്ന റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്ലൂഷന്‍, റെറ്റിനല്‍ വിയന്‍ ഒക്ലൂഷന്‍ എന്നീ രോഗാവസ്ഥകള്‍ കോവിഡ് രോഗമുക്തരില്‍ കൂടുതലായി കാണുന്നുണ്ടെന്നാണ് നേത്രരോഗവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.

അപൂര്‍വമായാണ് ഉണ്ടാകുന്നതെങ്കിലും റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്ലൂഷന്‍ സങ്കീര്‍ണമാണ്. കോവിഡ് രോഗമുക്തരില്‍ എപ്പോഴെങ്കിലും ഇടയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതായുള്ള അനുഭവമുണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയാല്‍ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാമെന്നും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ സീനിയര്‍ റെറ്റിനല്‍ സര്‍ജന്‍ ഡോക്ടര്‍ തോമസ് ചെറിയാന്‍ പറഞ്ഞു.