Home വാണിജ്യം ഫോബ്‌സ് അതിസമ്പന്നപ്പട്ടികയില്‍ ആറ് മലയാളികള്‍; ഇന്ത്യക്കാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി

ഫോബ്‌സ് അതിസമ്പന്നപ്പട്ടികയില്‍ ആറ് മലയാളികള്‍; ഇന്ത്യക്കാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി

ന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ ഇത്തവണ ആറ് മലയാളികള്‍ ഇടം നേടി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് ആണ് ഒന്നാമതെത്തിയത്. 480 കോടി ഡോളറാണ് (35,500 കോടി രൂപ) ഇദ്ദേഹത്തിന്റെ ആസ്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്.

അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെയാണ് മുന്നില്‍. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം. ലുലുവിന്റെ റീട്ടെയില്‍ ശൃംഖലയില്‍ അബുദാബി സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എഡിക്യു 8,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനു പിന്നാലെ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) കൂടി ഓഹരിയെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. അതിനാല്‍, വരും വര്‍ഷങ്ങളില്‍ യൂസഫലിയുടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

കോവിഡ് പ്രതിസന്ധി മൂലം സ്വര്‍ണപ്പണയത്തിന് വന്‍തോതില്‍ ഡിമാന്‍ഡ് ഉയര്‍ന്നത് മൂലം ഓഹരി വില ഉയര്‍ന്നതാണ് മുത്തൂറ്റ് ഫിനാന്‍സ് ഉടമകളുടെ സമ്പത്തില്‍ വലിയ വളര്‍ച്ചയുണ്ടാകാന്‍ കാരണമായത്.

‘ബൈജൂസ് ലേണിങ് ആപ്പ്’ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (305 കോടി ഡോളര്‍-22,570 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (260 കോടി ഡോളര്‍-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (185 കോടി ഡോളര്‍-13,700 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (156 കോടി ഡോളര്‍-11,550 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.

ഇന്ത്യക്കാരായ ശതകോടീശ്വരന്മാരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് തുടര്‍ച്ചയായ 13-ാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തിയത്. 8,870 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട് 6.56 ലക്ഷം കോടി രൂപ.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 2,520 കോടി ഡോളര്‍ (1.86 ലക്ഷം കോടി രൂപ) ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയില്‍ 14 ശതമാനം വര്‍ധനയുണ്ടായതായി ഫോബ്സ് വിലയിരുത്തുന്നു.