Home അന്തർദ്ദേശീയം വിമാനത്താവളത്തിലെ എച്ചിൽ തീനികളോട്… തൂമ്പയെടുത്ത് കിളച്ചൂടെ…….

വിമാനത്താവളത്തിലെ എച്ചിൽ തീനികളോട്… തൂമ്പയെടുത്ത് കിളച്ചൂടെ…….

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന കവർച്ച അന്വേഷിച്ചവർ കള്ളനെ കണ്ടപ്പോൾ മൂക്കത്ത് വിരൽ വെച്ചു. 15 ലക്ഷത്തിന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥൻ! ശ്രീനഗറിലേക്ക് പോകാനായി വിമാനത്താവളത്തിൽ ഭർത്താവിനെ കാത്തിരുന്ന സ്ത്രീയുടെ ബാഗാണ് കാണാതായത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം സ്വർണവും വജ്രാഭരണങ്ങളുമടങ്ങിയ ബാഗ് ഇരിപ്പിടത്തിനടിയിൽ വെച്ചിരിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ബാഗ് അപ്രത്യക്ഷമായി. ഉടൻ തന്നെ സ്ത്രീ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിമാനത്താവള അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാഗ് മോഷ്ടിച്ചയാളെ കണ്ടെത്തിയത്. സംഭവത്തിൽ ബി.എസ് എഫ് എ.എസ്.ഐ നരേഷ് കുമാർ അറസ്റ്റിലായി. ഇനി ബാക്കി പറയാം. നാണമില്ലേ സുഹൃത്തുക്കളേ… വിമാനത്താവളം വഴി വരുന്നവരൊന്നും പണവും സ്വർണവും മരത്തിൽ നിന്ന് പൊട്ടിച്ചെടുക്കുന്നവരല്ല. അധ്വാനിച്ച് തന്നെ ഉണ്ടാക്കുന്നതാണ്. അപൂർവ്വം സ്വർണ്ണക്കടത്തുകാർ ഉണ്ടാവാം. അവർക്കെതിരെ നിയമ പരമായി നടപടിയെടുക്കൂ. വിമാനത്താവളമെന്നാൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന് കരുതി എത്തുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവരോട് പറയാനുള്ളത്…. അങ്ങാടിയിൽ നല്ല തൂമ്പ കിട്ടും. കിളച്ച് ജീവിക്കണം. അന്യന്റെ വിയർപ്പ് നക്കി ജീവിക്കുന്നതിലും ഭേദം പണി ഉപേക്ഷിക്കുന്നതാണ്.