Home അറിവ് വാഹനത്തില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യണം?

വാഹനത്തില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യണം?

വാഹനത്തില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും ധാരണയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.

വെള്ളക്കെട്ട് കടക്കരുത് – മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങള്‍ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫില്‍റ്ററും സ്നോര്‍ക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.

വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത് – വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടില്‍നിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്ഷോപ്പിലെത്തിക്കുക. ഇന്‍ഷുറന്‍സ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

നിരപ്പായ പ്രതലം – ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം കെട്ടിവലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വലിക്കണം.

എഞ്ചിന്‍ ഓയില്‍ മാറ്റുക – വെള്ളം കയറിയ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം.

എയര്‍ ഇന്‍ടേക്കുകള്‍ – എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.

ടയര്‍ കറക്കുക – എഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുന്‍ വീലുകള്‍ ഉയര്‍ത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും ഓയില്‍ മുഴുവന്‍ മാറ്റി വീണ്ടും നിറച്ച് ടയര്‍ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

ഫ്യൂസുകള്‍ – ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക.

ഓണാക്കിയിടുക – ഇനി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് 2 മിനിട്ടെങ്കിലും എഞ്ചിന്‍ ഓണ്‍ ആക്കിയിടുക.

  1. .