Home നാട്ടുവാർത്ത എല്ലാ സർക്കാർ ജീവനക്കാരും ഇങ്ങനെയായെങ്കിൽ… ബിഗ് സല്യൂട്ട് ശ്രീപ്രകാശ്.

എല്ലാ സർക്കാർ ജീവനക്കാരും ഇങ്ങനെയായെങ്കിൽ… ബിഗ് സല്യൂട്ട് ശ്രീപ്രകാശ്.

ഉല്ലാസയാത്രയ്ക്കിടെ രാജ്യാതിര്‍ത്തി കടന്ന വിദ്യാര്‍ത്ഥിയ്ക്ക് രക്ഷയായത് കേരള മോട്ടോര്‍വാഹന വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍. ലാത്വിയയില്‍ പഠിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയ യാത്രയ്ക്കിടെ ലാത്വിയന്‍ അതിര്‍ത്തി കടന്ന് തൊട്ടടുത്തുള്ള രാജ്യമായ ലിത്വാനിയയില്‍ എത്തിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു.
ജൂണ്‍ 13നാണ് സംഭവം നടന്നത്.ലൈസന്‍സ് കയ്യില്‍ ഇല്ലാതെ വന്നതോടെ വിദ്യാര്‍ത്ഥിയെ ജയിലില്‍ അടയ്ക്കുമെന്ന സ്ഥിതിയായി.ആ രാജ്യത്തെ നിയമപ്രകാരം 19 ദിവസത്തെ ജയിൽവാസമനുഭവിക്കണം.
ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കാന്‍ മൂന്ന് മണിക്കൂർ സാവകാശമാണ് പൊലീസ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത്. സംഭവം ഉടൻ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസ് ഗൂഗിളിൽ തിരഞ്ഞ് നമ്പർ കണ്ടുപിടിച്ചാണ് തൃശ്ശൂര്‍ മോട്ടോര്‍ വാഹന ഓഫീസില്‍ ബന്ധപ്പെടുന്നത്.
സമയം രാത്രിയായിരുന്നു.ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥി ജയിലിൽ പോവുമെന്ന സാഹചര്യം വന്നതോടെ ആർടിഒ ചുമതലയുള്ള ജോയിന്റ് ആർടിഒ ശ്രീപ്രകാശ് കലക്ട്രേറ്റിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസ് തുറന്നു.വിദ്യാർത്ഥിയെ സംബന്ധിച്ച ആവശ്യമായ രേഖകള്‍ കമ്പ്യൂട്ടറിൽ നിന്നെടുത്ത് ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് അപ്പോൾ തന്നെ മെയിൽ ചെയ്തു.


കൃത്യസമയത്ത് ലൈസന്‍സ് വിവരങ്ങള്‍ ലഭിച്ചതോടെ ലിത്വേനിയന്‍ പൊലീസ് വിദ്യാര്‍ത്ഥിയെ വിട്ടയ്ക്കുകയും ചെയ്തു.സമയം പരിഗണിക്കാതെയുള്ള സേവനത്തിന് അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ആശംസ എത്തിയതോടെയാണ് തൃശ്ശൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം പുറത്തറിയുന്നത്.തക്കസമയത്ത് ഉണർന്ന് പ്രവർത്തിച്ച ജോയിന്റ് ആർടിഒ ശ്രീപ്രകാശ് ആലപ്പുഴ സ്വദേശിയാണ്. ബിഗ് സല്യൂട്ട് മിസ്റ്റർ ശ്രീപ്രകാശ്. കേരളത്തിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ മനസ്സുണ്ടായിരുന്നുവെങ്കിൽ… പറ്റില്ല അല്ലേ……