Home അറിവ് കുടംപുളി ആളത്ര നിസ്സാരക്കാരനല്ല. അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നു

കുടംപുളി ആളത്ര നിസ്സാരക്കാരനല്ല. അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നു

കുടംപുളി മലയാളികള്‍ക്ക് സുപരിചിമായ ഈ ഫലം ഔഷധമായും ആഹാരമായും ഉപയോഗിച്ച്‌ വരുന്നുണ്ട്. ഗാര്‍സിനിയ കംബോജിയ എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം.എന്നാല്‍ മരപ്പുളി, പിണംപുളി, വടക്കന്‍പുളി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ സ്വന്തം കുടംപുളി ആളത്ര നിസ്സാരക്കാരനല്ല. അമിതവണ്ണം, കൊഴുപ്പ് എന്നിവയെ അതിവേഗത്തില്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് കുടംപുളി സത്ത് ഉപയോഗിക്കുന്നതിലൂടെ ഒരു മാസം കൊണ്ടു തന്നെ രണ്ടു കിലോയോളം വരെ ഭാരം കുറയുമെന്നാണ് പറയുന്നത്.കുടംപുളിയുടെ പൂക്കള്‍ സാധാരണ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലാണു കാണുന്നത്.

കുടംപുളി മരം പൂക്കുന്നതു ഡിസംബര്‍-മാര്‍ച്ച്‌ മാസങ്ങളിലാണ്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ കായകള്‍ പഴുക്കുന്നതോ‌ടെ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തിലാകും. കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിന്‍ മേല്‍തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.

സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ, ഹൈഡ്രോസിട്രിക് ആസിഡ് ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുന്നു.അതേസമയം, കുടംപുളിയിലെ ഹൈഡ്രോസിട്രിക് ആസിഡ് ചീത്ത കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ ഉത്പ്പാദനം കുറയ്‌ക്കുകയും തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും ഉപകാരപ്പെടുമെന്നും പഠനങ്ങളിലൂടെ വ്യകതമാകുന്നു.

വാതം, കഫം, അമിതമായ ചൂട്, ദാഹം എന്നിവ അകറ്റുന്നു. ഹൃദയത്തിനു ബലം നല്‍കി രക്തദോഷങ്ങളെ ഇല്ലാതാക്കും. മോണയ്‌ക്ക് ബലം ലഭിക്കാന്‍ കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കവിള്‍ കൊള്ളുക. ചുണ്ട്, കൈകാലുകള്‍ എന്നിവ വിണ്ടുകീറുന്നതു തടയുന്നത്തിന് കുടംപുളി വിത്തില്‍ നിന്ന് എടുക്കുന്ന തൈലം പുരട്ടുക.മോണകളില്‍ നിന്നും രക്തം വരുന്ന സ്കര്‍വീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്. കരിമീന്‍, കുടംപുളി ചേര്‍ത്തു കറിവച്ചു കഴിക്കുന്നതു വായു കോപം ശമിപ്പിക്കും.ത്വക് രോഗങ്ങളില്‍ കുടം പുളി വേരിന്‍ മേല്‍ത്തൊലി അരച്ചു പുരട്ടാം. പ്രമേഹരോഗികള്‍ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും. കുടംപുളി കഷായം വച്ച്‌ അല്പം കുരുമുളകുപൊടി ചേര്‍ത്തു ദിവസവും കഴിച്ചാല്‍ കൊഴുപ്പും അമിതവണ്ണവും കുറയ്‌ക്കും.