Home ആരോഗ്യം എന്താണ് എന്‍ഡിയോമെട്രിയോസിസ്? അറിഞ്ഞ് ചികിത്സ തേടാം..!

എന്താണ് എന്‍ഡിയോമെട്രിയോസിസ്? അറിഞ്ഞ് ചികിത്സ തേടാം..!

ര്‍ത്തവസമയത്ത് ഉണ്ടാകുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഈ വേദനകള്‍ കഠിനമാവുകയാണെങ്കില്‍ എന്‍ഡോമെട്രിയോസിസ് എന്ന രോഗമാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗര്‍ഭാശയത്തിന്റെ ഉള്‍പ്പാടയാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്ത മാസങ്ങളില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആര്‍ത്തവചക്രത്തില്‍ പുതിയ ഉള്‍പ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാല്‍ ഗര്‍ഭപാത്രത്തില്‍ അല്ലാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ കാണപ്പെടുന്നതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഉദരത്തിന്റെ ഉള്‍ഭാഗം, ഗര്‍ഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടല്‍ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങള്‍ കാണുന്നത്. ലോകത്ത് പത്തുശതമാനം സ്ത്രീകളില്‍ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല.

ആര്‍ത്തവദിനങ്ങള്‍ക്ക് മുന്‍പുള്ള ദിവസങ്ങളിലും മാസമുറയോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, മാറാതെ നില്‍ക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് പരിശോധനകള്‍ നടത്തണം. അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി, എംആര്‍ഐ സ്‌കാനുകള്‍ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എന്‍ഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂര്‍വസാഹചര്യങ്ങളില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം.