Home വിനോദം വിയ്യൂരിലെ ഒന്നൊന്നര ജയില്‍.

വിയ്യൂരിലെ ഒന്നൊന്നര ജയില്‍.

വിരല്‍ പഞ്ചിങും സ്‌കാനര്‍ പരിശോധനയും വീഡിയോ കണ്‍ഫറന്‍സിങും ഒക്കെ ഒരുക്കി കൊടുംകുറ്റവാളികളെ പാര്‍പ്പിക്കാന്‍ നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ തുറന്നു. തീവ്രവാദ, രാജ്യദ്രോഹ കേസുകളിലെ കുറ്റവാളികളെ പാര്‍പ്പിക്കാനാണ് അതിസുരക്ഷാ ജയിലൊരുക്കിയത്. ആദ്യഘട്ടത്തില്‍ എന്‍.ഐ.എ കേസുകളിലെ കുറ്റവാളികളെയാകും ഹൈ സെക്യൂരിറ്റി ജയിലില്‍ പാര്‍പ്പിക്കുക. 600 ഓളം തടവുകാരെ പാര്‍പ്പിക്കാന്‍ തക്ക സൗകര്യമുള്ളതാണ് ജയില്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 9 ഏക്കര്‍ സ്ഥലത്തെ മൂന്നുനില കെട്ടിടത്തില്‍ ഹൈ സെക്യൂരിറ്റി ജയില്‍ യാഥാര്‍ത്ഥ്യമായത്. 22 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ 11. 51 കോടി രൂപ ചിലവഴിച്ചാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തടവുകാരെ ജയിലിനകത്ത് കയറ്റുമ്പോഴും ഇറക്കുമ്പോഴും പഞ്ചിങ് നിര്‍ബന്ധമാണ്. സ്‌കാനര്‍ വഴി പരിശോധിച്ച ശേഷം മാത്രമേ തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ജയിലിനകത്തേക്ക് പ്രവേശനമുണ്ടാകൂ. സെല്ലുകള്‍ക്കുമുണ്ട് പ്രത്യേകത. ഇത് സജ്ജീകരിച്ചിക്കുന്നത് തടവുകാര്‍ക്ക് പരസ്പ്പരം കാണാനാകാത്ത വിധമാണ്. തടവുകാര്‍ക്ക് സന്ദര്‍ശകരെ കാണാനുള്ള രീതി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മാത്രം! എല്ലാമുറികളിലും സി.സി.ടി.വി.യും ശുചിമുറിയും ഉണ്ട്. തടവുകാര്‍ക്ക് പുറത്തിറങ്ങേണ്ട സാഹചര്യമേയില്ല. 24 മണിക്കൂറും സുരക്ഷാഭടന്മാര്‍ക്ക് നിരീക്ഷണത്തിനായി നാല് ടവറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ശരിക്കും തടവറ തന്നെ.