Home വാഹനം കാർ ബാറല്ല!

കാർ ബാറല്ല!

റോഡിലൂടെ പോകുന്ന കാര്‍ സ്വകാര്യ ഇടമെന്ന് ഇനി കരുതാനാകില്ല… പൊതുവഴിയിലെ സ്വകാര്യ വാഹനവും പൊതു ഇടമെന്ന് സുപ്രീം കോടതി! പൊതു സ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നാണ് ഉത്തരവ്. 2016 ല്‍ ജാര്‍ഖണ്ഡില്‍ നിന്ന് സ്വന്തം കാറില്‍ വരും വഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സ്വകാര്യ വാഹനത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. എന്നാല്‍ പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനമാണെങ്കില്‍ തീര്‍ച്ചയായും ഇടപെടാം എന്നാണ് സുപ്രീംകോടതി പറഞ്ഞത്. 2016 ലെ ബീഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യ വാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞു. പൊതുസ്ഥലത്തെ മദ്യപാനം നിയമവിരുദ്ധമെങ്കില്‍ കാറിലും അത് പാടില്ല. പൊതുയിടത്തിലെ സ്വകാര്യ വാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999ലെ ഒരു വിധി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ വിധി.