ആരാധകരുടെ പ്രിയപ്പെട്ട പ്രണയ-താര ജോഡികളായ നയൻതാരയും വിഘ്നേശ് ശിവനും ഒന്നിച്ച് ഓണമാഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിഘ്നേശ് തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

കുടുംബം പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് വിഘ്നേഷ് നൽകിയ അടിക്കുറിപ്പ്. “സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി,” വിഘ്നേഷ് കുറിച്ചു.
ഇരുവരും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് പല തവണ വാർത്തകൾ പരന്നെങ്കിലും ഇതുവരെ ഔദ്യോഗിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് ആദ്യമായി വിവാഹ വാർത്തയോട് വിഘ്നേശ് ശിവൻ പ്രതികരിച്ചത്.. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.

“വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്”… വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു.