Home വാണിജ്യം ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് വീണ്ടും; കരുതിയിരിക്കണമെന്ന് അധികൃതര്‍

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് വീണ്ടും; കരുതിയിരിക്കണമെന്ന് അധികൃതര്‍

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വീണ്ടും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുടെ വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷം പൊലീസും സര്‍ക്കാരും ഇടപെട്ട് നടപടി സ്വീകരിച്ച ഓണ്‍ലൈന്‍ വായ്പാ ആപ്പുകളാണ് ഇപ്പോള്‍ പുതിയ പേരില്‍ വീണ്ടും സജീവമാകുന്നത്.

കോവിഡ് വായ്പ എന്ന പേരിലും, വിവിധ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ലോഗോ ഉണ്ടാക്കിയും ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ഇത്തരത്തിലുള്ള ആപ്പുകളുടെ പരസ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് വീണ്ടും തട്ടിപ്പുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സാധാരണ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പ ആപ്പുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കാരണം. 3,000 രൂപ മുതല്‍ ലഭിക്കുമെന്നതിനാല്‍ കുറഞ്ഞ വായ്പയെടുത്തവര്‍ വരെ ഇവരുടെ ചതിക്കുഴിയില്‍ പെട്ടുപോയിട്ടുണ്ട്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തില്‍ ഉള്ള സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്.ഇവരുടെ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ മുഴുവന്‍ കോണ്‍ടാക്റ്റുകളും, വിവരങ്ങളും ഇവര്‍ ചോര്‍ത്തി എടുക്കും.

വായ്പ തിരിച്ചടയ്ക്കാന്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ വായ്പയായി തന്നിരിക്കുന്ന പണത്തിന് ഭീമമായ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമാണ് പിന്നീടുള്ള നടപടി. തിരിച്ചടയ്ക്കാനാകാതെ വന്നാല്‍ കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും ഇവര്‍ സന്ദേശം അയക്കും. ‘ഇവര്‍ നിങ്ങളുടെ നമ്പര്‍ റഫറന്‍സ് വെച്ച് വായ്പ എടുത്തിട്ടുണ്ടെന്നും നിങ്ങളില്‍ നിന്ന് പണം തിരികെ ഈടാക്കും’ എന്നുമാണ് ഭീഷണി സന്ദേശം. വായ്പ എടുത്തിരിക്കുന്നവരെ സൈബര്‍ അറ്റാക്ക് നടത്തി ഏതുവിധത്തിലും പണം തിരിച്ചു പിടിക്കുക എന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ലക്ഷ്യം.

വാട്‌സാപ്പിലും മറ്റും ഇയാള്‍ ഫ്രോഡ് ആണെന്നും സാമ്പത്തിക കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്നുമുള്ള രീതിയില്‍ വായ്പ എടുത്ത ആളിന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കും. നാണക്കേട് ഭയന്ന് പലരും കടംവാങ്ങി വായ്പ തിരിച്ചടയ്ക്കും. ഇതിനൊന്നും കഴിയാത്തവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കും. വായ്പ തുകയേക്കാള്‍ അതിഭീമമായ പലിശയാണ് ചോദിക്കുന്നത്.

3000 രൂപ എടുത്തവര്‍ക്ക് മുപ്പതിനായിരം രൂപ തിരിച്ചടയ്‌ക്കേണ്ട വന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഒരു വായ്പ അടയ്ക്കാന്‍ മറ്റൊരു വായ്പ്പയെ ആശ്രയിച്ചു അങ്ങനെ നിരവധി വായ്പകളില്‍ പെട്ടു പോയവര്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചതിയില്‍പ്പെട്ടവരുടെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നു.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

രാജ്യത്ത് ഇനി പറയുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ വായ്പ നല്‍കാന്‍ അനുമതിയുള്ളൂ.
ബാങ്കുകള്‍ക്ക് സ്വന്തം ആപ്പുകള്‍ വഴി വായ്പ നല്‍കാം
റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള എന്‍ ബി എഫ് സി കള്‍ അതായത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാം
അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരിധിയില്‍ വരുന്ന ചില സ്ഥാപനങ്ങള്‍ക്കും ഇത്തരം വായ്പ നല്‍കാന്‍ അധികാരമുണ്ട്.
ഇവര്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയായതുകൊണ്ട് വായ്പകള്‍ നല്‍കുന്നതിലും റിക്കവറി ആവശ്യമാണെങ്കില്‍ തന്നെ ചൂഷണം ചെയ്ത് തിരിച്ചു പിടിക്കില്ല.
ഇവരിലൂടെയല്ലാതെയുള്ള വായ്പകള്‍ നിയമവിരുദ്ധമാണ്

‘അക്കൗണ്ട് ഫ്രീസ് ചെയ്യും, സിബില്‍ സ്‌കോര്‍ നശിപ്പിക്കും പോലീസില്‍ അറിയിക്കും’ തുടങ്ങിയ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ തുക തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഈ പറയുന്ന അധികാരങ്ങള്‍ ഒന്നുമില്ല എന്ന് മനസ്സിലാക്കണം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായതു കൊണ്ട് പൊലീസിനെ ഇടപെടീക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. ആളുകളുടെ അജ്ഞത മുതലാക്കുകയാണിവര്‍. വ്യക്തിഹത്യയും മാനസിക പീഡനവും സൈബര്‍ അറ്റാക്കിങ്ങും നടത്തി പണം തിരിച്ചു പിടിക്കുകയാണിവരുടെ ലക്ഷ്യം.

ഇപ്പോള്‍ ഇടവേളയ്ക്കുശേഷം കോവിഡിനെ മറയാക്കി ഇത്തരം ആപ്പുകള്‍ സജീവമാകുന്നുണ്ട്. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക. വ്യക്തിഗതവിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും ലോണ്‍ തിരിച്ചു പിടിക്കുന്നതിന് മോശം പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് പരാതി നല്‍കാം. https://cms.rbi.org.in