Home Uncategorized ഏതാനും ദിവസം ഒരുമിച്ച് താമസിച്ചാല്‍ ലിവിങ് ടുഗേതര്‍ ആവില്ല; കോടതി

ഏതാനും ദിവസം ഒരുമിച്ച് താമസിച്ചാല്‍ ലിവിങ് ടുഗേതര്‍ ആവില്ല; കോടതി

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍, അവരുടെ താല്‍പര്യാര്‍ത്ഥം ഒരുമിച്ച് താമസിക്കുന്നതാണ് ലിവിംഗ് ടുഗെദറിന്റെ സങ്കല്‍പം. വിവാഹമെന്ന ഉടമ്പടിക്ക് ‘ബദല്‍’ ആയി ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് ‘ലിവിംഗ് ടുഗെദര്‍’.

വിദേശരാജ്യങ്ങളില്‍ നേരത്തേ തന്നെ പ്രചാരത്തിലിരുന്ന ലിവിംഗ് ടുഗെദര്‍ രീതി അടുത്ത കാലങ്ങളിലായാണ് ഇന്ത്യയില്‍ വ്യാപകമായത്. ഇതിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുമുണ്ട്. അതേസമയം ലിവിംഗ് ടുഗെദറിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗവും ഇന്ന് രാജ്യത്തുണ്ട്.

നിയമപരമായി ഇന്ത്യയില്‍ ഇതിന് വിലക്കുകളില്ല. എന്നാല്‍ സാമൂഹിക സദാചാരത്തിന്റെ ഭാഗമായി ഭൂരിപക്ഷവും ഇക്കാര്യത്തെ അംഗീകരിക്കാറില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ലിവിംഗ് ടുഗെദര്‍ രീതിയില്‍ ജീവിക്കാന്‍ ചെറുപ്പക്കാര്‍ക്ക് ഇവിടെ സ്വതന്ത്രമായ സാഹചര്യങ്ങളുണ്ടാകുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

ഏറെ ചര്‍ച്ചകളുയര്‍ത്തിയ ലിവിംഗ് ടുഗെദര്‍ എന്ന ജീവിതരീതി പലപ്പോഴും കോടതി മുറികളിലും വിഷയമായി വന്നിട്ടുണ്ട്. സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഛണ്ഡീഗഡിലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലുമുണ്ടായത്.

ഒരുമിച്ച് താമസിക്കുന്ന 18 വയസുള്ള ഒരു പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയും ചേര്‍ന്ന് നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഹരിയാനയിലെ യമുനാനഗര്‍ സ്വദേശികളാണ് ഇരുവരും. എന്നാല്‍ പരാതിക്കാര്‍ക്ക് എതിരായ വിധിയാണ് ഒടുവില്‍ കോടതി പുറപ്പെടുവിച്ചത്.

ഏതാനും ദിവസങ്ങള്‍ ഒന്നിച്ച് താമസിച്ചാല്‍ അപ്പോഴേക്ക് അത് ‘ലിവിംഗ് ടുഗെദര്‍’ ആകില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വിവാഹത്തിന് പകരമായി വരുന്ന ലിവിംഗ് ടുഗെദറിന് അതിന്റേതായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ‘ലിവിംഗ് ടുഗെദര്‍’നെ അംഗീകരിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ച കോടതി കൂടിയാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി.

പുതിയ സംഭവത്തില്‍ ഇഷ്ടമല്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീട് വിട്ട് കാമുകനോടൊപ്പം താമസിക്കുകയാണ് പെണ്‍കുട്ടി. ഒരു മാസം പോലും ഒരുമിച്ച് താമസിച്ച് തുടങ്ങി ആയിട്ടില്ല. ഇക്കാര്യമാണ് കോടതിയുടെ കണ്ണില്‍ കരടായത്.

വീട്ടുകാര്‍ തങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ സുരക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാലിത് വരെ പരാതിയില്‍ ഉന്നയിച്ചത് പോലെ ഏതെങ്കിലും തരത്തിലുള്ള കേസുകള്‍ പരാതിക്കാര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും വരാനിരിക്കുന്ന പ്രശ്നം എന്ന രീതിയില്‍ ‘പ്രവചിച്ച്’ വയ്ക്കുന്ന ഒന്നിനെതിരെ നടപടിയെടുക്കുക സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.

സ്വതന്ത്രമായ ജീവിതം വേണമെന്ന വാശിയോടെ വീട്ടുകാരെ വിട്ട് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം അടുത്ത കാലങ്ങളിലായി വര്‍ധിച്ചിട്ടുണ്ടെന്നും ഇതിന് കോടതിയുടെ പിന്തുണ തേടുന്നതിന് ഇത്തരം പരാതികള്‍ സമര്‍പ്പിക്കുന്നത് പതിവായി വരികയാണെന്നും കോടതി നിരീക്ഷിച്ചു. ഒടുവില്‍ പരാതിക്കാര്‍ക്ക് 25,000 രൂപ പിഴയും വിധിച്ച ശേഷമാണ് കോടതി പിരിഞ്ഞത്.