Home അറിവ് പിഎന്‍ബി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിബന്ധന

പിഎന്‍ബി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിബന്ധന

മീപകാലത്തായി എടിഎമ്മില്‍ നിന്ന് അനധികൃത ഇടപാടുകള്‍ നടത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന്, ഡിജിറ്റല്‍ മോഷണങ്ങളെ പ്രതിരോധിക്കാന്‍ മിക്ക ബാങ്കുകളും സാങ്കേതികമായും അല്ലാതെയും നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്.

എടിഎമ്മുകള്‍ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കാന്‍ പോകുകയാണ്. ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി അധിഷ്ഠിത എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പിഎന്‍ബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്.

പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും.

പണം ലഭിക്കുന്നതിന് ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എടിഎം പണം പിന്‍വലിക്കലില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉടമകളെ സംരക്ഷിക്കും. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവിലെ പ്രക്രിയയില്‍ വലിയ മാറ്റമൊന്നും സിസ്റ്റത്തിന് ആവശ്യമില്ല. പക്ഷേ ഇടപാട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇത് ഏറെ ഉപകാരപ്പെടും. എന്നാല്‍, മറ്റു എടിഎമ്മുകളില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉപയോഗിച്ച് രാത്രി സമയങ്ങളില്‍ 10000 ന് മുകളില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഒടിപി ലഭിക്കില്ല.