Home ആരോഗ്യം രാത്രി ജോലിയും പകല്‍ ഉറക്കവും; ഇൗ ജീവിതരീതി പിന്തുടരുന്നവര്‍ ശ്രദ്ധിക്കുക

രാത്രി ജോലിയും പകല്‍ ഉറക്കവും; ഇൗ ജീവിതരീതി പിന്തുടരുന്നവര്‍ ശ്രദ്ധിക്കുക

കുറച്ച് കാലങ്ങളായി നമ്മുടെ നാട്ടില്‍ നൈറ്റ് ഷിഫ്റ്റ് ജോലികള്‍ കൂടി വരികയാണ്. ഐടി മേഖല സജീവമായതോടെയാണെന്ന് തോന്നുന്നു ഇത്. എന്നാല്‍ ഈ ഉറങ്ങാത്ത രാവുകള്‍ ചെറുപ്പക്കാര്‍ക്ക് സമ്മാനിക്കുന്നത് ചില്ലറ പ്രശ്‌നങ്ങളല്ല, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക.

ഉണര്‍ന്നിരിക്കേണ്ട പകലുകളില്‍ ഉറങ്ങുകയും ഉറങ്ങേണ്ട രാത്രികാലങ്ങളില്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളക്രമമാണ് തെറ്റുന്നത്. ഇത് പലതരത്തിലുള്ള ഉറക്ക പ്രശ്‌നങ്ങള്‍ക്കും വളരെ ഗൗരവമേറിയ ശാരീരികപ്രശ്നങ്ങള്‍ക്കും കാരണമായേക്കും.

ഷിഫ്റ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പലതരത്തിലുള്ള ഉറക്ക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ഷിഫ്റ്റിന്റെ സമയക്രമം മാറ്റേണ്ടിവരുന്നവരിലാണ് ഉറക്കപ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞുവന്ന് രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഉറക്കം കുറയുന്നത് രാത്രിജോലിക്കിടയില്‍ ഉറക്കം തൂങ്ങാനും തൊഴില്‍ സംബന്ധമായ അപകടങ്ങള്‍ക്കും കാരണമാകാം.

ശരീരത്തിന്റെ താളക്രമം നിരന്തരം തെറ്റിച്ചുകൊണ്ടുള്ള ജീവിതരീതികള്‍ രക്തധമനികളുടെ ജരാവസ്ഥയ്ക്ക് കാരണമാകാം. ഹൃദയാഘാതമായും പക്ഷാഘാതമായും ഒക്കെയാണ് രക്തധമനീമാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇങ്ങനെയുള്ളവരില്‍ പ്ലേറ്റ്‌ലറ്റുകള്‍ കൂടിച്ചേര്‍ന്ന് രക്തക്കട്ടകള്‍ രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. സ്ഥിരമായി ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. കുഴഞ്ഞുമറിഞ്ഞുള്ള ജീവിതതാളക്രമം ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുന്നത് പ്രമേഹത്തിന് കാരണമാകും.

തുടര്‍ച്ചയായുള്ള ഷിഫ്റ്റ് മാറ്റങ്ങള്‍ കഴിയുമെങ്കില്‍ ഒഴിവാക്കുകയാണ് ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം. മാസത്തില്‍ ഒരിക്കലോ മറ്റോ മാത്രമാകാം. തുടര്‍ച്ചയായുള്ള ഷിഫ്റ്റ് മാറ്റങ്ങള്‍ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാം. തുടര്‍ച്ചയായ രാത്രിഷിഫ്റ്റുകള്‍ ഒഴിവാക്കുക/സാധ്യമാകുന്നിടത്തോളം നൈറ്റ് ഷിഫ്റ്റുകള്‍ കുറയ്ക്കുക.

രാത്രി ഷിഫ്റ്റുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കുക.
പണിയെടുക്കുമ്പോള്‍ ഉറക്കം വന്നാല്‍ അല്പനേരം നടക്കുകയോ ലഘുവ്യായാമം ചെയ്യുകയോ വേണം.
ജോലിചെയ്യുന്ന മുറിയില്‍ നല്ല വെളിച്ചവും വായുസഞ്ചാരവും വേണം. പകല്‍സമയത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ഇരുണ്ട മുറിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങുക.